കോഴിക്കോട്: ജില്ലയിലെ മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറിക്കു ചുറ്റിനും ഇക്കോ സെന്‍സിറ്റീവ് ബഫര്‍സോണായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ കരട് വിജ്ഞാപനം അശാസ്ത്രീയവും കര്‍ഷക വിരുദ്ധവുമാണെന്ന് എം കെ രാഘവന്‍ എംപി.
കൊയിലാണ്ടി താലൂക്കില്‍ ചക്കിട്ടപാറ- ചെമ്പനോട വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന, പലയിടത്തും അതിര്‍ത്തികള്‍ ഇതുവരെ കൃത്യമായി നിര്‍ണയിക്കപ്പെടാത്ത, 74.22 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുണ്ടെന്നു വനം വകുപ്പ് അവകാശപ്പെടുന്ന പ്രദേശമാണ് മലബാര്‍ വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറി. ഇതിനു ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരത്തുള്ള ജനവാസകേന്ദ്രങ്ങള്‍ ഇ എസ് ഇസഡ് ആയി പ്രഖ്യാപിക്കാനാണ് സംസ്ഥാന വനംവകുപ്പ് ഈ കരട് വിജ്ഞാപനം തയ്യാറാക്കിയത്.
പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് വേണ്ടി കരടുവിജ്ഞാപനം തയ്യാറാക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമവശങ്ങളും പരിഗണിക്കാതെയാണ് കരടുവിജ്ഞാപനത്തിന് രൂപംകൊടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ ഇ എസ് ഇസഡ് ഏരിയയെപ്പറ്റി ജനങ്ങളുമായി സംസാരിച്ച് നിബന്ധനകള്‍ മനസ്സിലാക്കി കൊടുത്തശേഷം രണ്ടുവര്‍ഷം കഴിഞ്ഞ് വിജ്ഞാപനം ഇറക്കി എന്നു പറയുന്നത് തികച്ചും അവാസ്തവമാണ്.
കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള അവസരം അടച്ചുകൊണ്ട് പ്രകൃതിയുടെയും മനുഷ്യന്‍റെയും സന്തുലനം നിര്‍ലനിര്‍ത്തികൊണ്ടുള്ള വിജ്ഞാപനമാണ് സ്വാഗതം ചെയ്യുന്നത്.
പരിസ്ഥിതി സംരക്ഷിക്കുവാന്‍ ഇരുപതിലധികം കേന്ദ്ര-സംസ്ഥാന നിയമങ്ങള്‍ നിലവില്‍ ഉള്ളപ്പോഴാണ് ജനങ്ങളെ ദ്രോഹിച്ചു പരിസ്ഥതി ലോല മേഖലയുടെ അളവ് വര്‍ധിപ്പിക്കുവാന്‍ വേണ്ടി നിരവധി വിജ്ഞാപനങ്ങള്‍ പശ്ചിമഘട്ട മലയോര മേഖലയില്‍ വീണ്ടും വീണ്ടും ഇറക്കുന്നത് .
കേവലം 72.54 ചതുരസ്ര കിലോമീറ്റര്‍ മാത്രം വരുന്ന ഈ വൈല്‍ഡ് ലൈഫ് സാങ്ങ്ച്വറിക്ക് ചുറ്റുമായി 53.86 സ്ക്വയര്‍ കിലോമീറ്ററില്‍, മതിയായ രേഖകളോടെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയും കൃഷി ചെയ്തു ഉപജീവനം നയിക്കുകയും ചെയ്യുന്ന റവന്യൂ ഭൂമി പ്രദേശങ്ങളാണ് ഇ എസ് ഇസഡ് ആയി പ്രഖ്യാപിക്കുന്നതിന് നിര്‍ദേശിക്കുന്നത്. ഈ പരിസ്ഥിതിലോല പ്രദേശം കൊയിലാണ്ടി, താമരശ്ശേരി, വൈത്തിരി എന്നീ താലൂക്കുകളില്പ്പെടുന്ന ചെമ്പനോട, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പേരാമ്പ്ര, കൂരാച്ചുണ്ട്, കാന്തലാട്, കട്ടിപ്പാറ, കെടവൂര്‍, പുതുപ്പാടി, തരിയോട്, പൊഴുതന, അച്ചൂരാനം, കുന്നത്തിടവക എന്നീ 13 റവന്യൂ വില്ലേജുകളിലെ കാര്‍ഷിക മലയോര മേഖലകള്‍ പൂര്‍ണ്ണമായി ഇ എസ് ഇസഡില്‍ വരുന്ന രീതിയിലാണ്.
5500 ല്‍ താഴെ ജനങ്ങള്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ നിലവില്‍ താമസിക്കുന്നുള്ളൂ എന്നാണ് കരടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ നാല്പത്തയ്യായിരത്തിലധികം ജനങ്ങളും വീടുകളും സ്ഥാപനങ്ങളും, ആരാധനാലയങ്ങളും കൂടാതെ റബര്‍, തേങ്ങ, കൊക്കോ, ഇഞ്ചി, കുരുമുളക്, കപ്പ തുടങ്ങിയ കൃഷികളും വളര്‍ത്തുമൃഗങ്ങളും ഈ സ്ഥലങ്ങളില്‍ ഇപ്പോള്‍ ഉണ്ട് എന്ന് പരിശോധനയില്‍ വ്യക്തമാകും. ഇതു മുഴുവന്‍ ഇടതൂര്‍ന്ന കൃഷിയിടങ്ങള്‍ ആണെന്നും റബ്ബര്‍ തെങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന കൃഷിയെന്നും ജനങ്ങളുടെ വരുമാനമാര്‍ഗം കൃഷിയും,കൃഷി ചെയ്തിട്ടുള്ള കൂലിയുമാണെന്നും കരടില്‍ തന്നെ പറയുന്നുണ്ട്.
ഈ പ്രദേശങ്ങളിലാണ് വനനിയമങ്ങള്‍ നടപ്പാക്കണമെന്നും പരിസ്ഥിതിലോല പ്രദേശങ്ങള്ക്കുവേണ്ടി ഒരു മാസ്റ്റര്‍ പ്ലാന്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ തയ്യാറാക്കണമെന്നും നിലവിലുള്ള പഞ്ചായത്തീരാജ് ആക്ടിനു പുറമേ ഈ പ്രദേശങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ 1972 ലെ വനഭൂമി സംരക്ഷണ ആക്ട് പ്രകാരം സോണല്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം എന്നും പറയുന്നത്! ഇതിന് പുറമെ ഫോറെസ്റ്റ് മാനേജ്മെന്‍റ് പ്ലാനുകളും ഫോറസ്റ്റ് വര്‍ക്കിങ്ങ് പ്ലാനുകളും പ്രത്യേകമായി തയ്യാറാക്കണമത്രേ. നിര്‍ദ്ദിഷ്ട ഇ എസ് ഇസഡ് പ്രദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി അനുസരിച്ച് മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടുള്ളൂ എന്നും പറയുന്നു.
സംസ്ഥാന സര്‍ക്കാറിനാണ് ഈ സോണില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന ചുമതല എങ്കിലും കേന്ദ്രത്തിന്‍റെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് സോണല്‍ പ്ലാനിന്‍റെ പ്രവര്‍ത്തനരീതി.
ഭരണഘടനപ്രകാരം ലാന്‍ഡ് യൂസ് എന്നത് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശമാണ്. പക്ഷെ ലാന്‍ഡ് യൂസ് എങ്ങനെ നടത്തണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രലയം സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കും എന്നാണ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ നവംബര്‍ മാസത്തില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തന്നെ എല്ലാ സംസ്ഥാനങ്ങള്ക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കാണ് വനാതിര്‍ത്തികള്‍ നിര്‍ണയിക്കുന്നതിന് അധികാരം എന്ന് അറിയിക്കുകയുണ്ടായി. ഈ തീരുമാനത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
കരട് വിജ്ഞാപനത്തില്‍ തുടര്‍ന്ന് പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും വിരോധാഭാസമുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ടൂറിസം വികസിപ്പിക്കുവാന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും ടൂറിസത്തിന് തന്നെ കടിഞ്ഞാണിടുമെന്നു മറ്റൊരിടത്തു പ്രതിപാദിക്കുന്നുമുണ്ട്. ഉപജീവനത്തിന് ആവശ്യമായ തൊഴില്‍ ചെയ്തു സ്വന്തം ഭൂമിയില്‍ കൃഷിചെയ്ത് ജീവിക്കാനുള്ള ഒരു പൗരന്‍റെ മൗലിക അവകാശത്തിന്മേല്‍ ആണ് ഇതുവഴി കടന്നു കയറുന്നത്.
സംസ്ഥാന സര്‍ക്കാറിന് ഈ സോണില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന ചുമതല എങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമാണ് സോണല്‍ പ്ലാനിന്‍റെ പ്രവര്‍ത്തനരീതി.
നിര്‍ദ്ദിഷ്ട പരിസ്ഥിതി
ലോല പ്രദേശത്ത് വാഹനഗതാഗതങ്ങള്‍ക്ക് നിയന്ത്രണം, ആദിവാസികള്‍ക്കടകം കൃഷിക്ക് മുന്‍കൂര്‍ അനുവാദം, എല്ലാവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്ക്കും നിരോധനം, താമസ സൗകര്യങ്ങക്കു പോലും മുന്‍കൂര്‍ അനുവാദം, അടിസ്ഥാന വികസന സൗകര്യങ്ങളും കൃഷിയും തടസ്സപ്പെടുത്തല്‍, ഇ എസ് ഇസഡിന് ഒരു കിലോമീറ്റര്‍ പുറത്തു വരെ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ എന്നീ നിര്‍ദ്ദേശവും കാണാം. സാധാരണക്കാരന്‍റെ ജീവിതം വഴിമുട്ടിക്കാന്‍ ഇതിനപ്പുറം മറ്റൊന്നും ആവശ്യമില്ല. ഗൂഡല്ലൂര്‍ പ്രദേശത്തെ ബഫര്‍സോണ്‍ ഇതിന് ഉത്തമ ഉദാഹരണമാണ്.
വികസനം ഇനി സാധ്യമല്ലാത്ത ഈ പ്രദേശങ്ങളില്‍ ഭൂവുടമകള്‍ക്ക് ന്യായമായ വില പോലും ഭൂമി വില്ക്കുമ്പോള്‍ ലഭിക്കുകയില്ലെന്നും സ്പഷ്ടമാണ്.
വനാതിര്‍ത്തിയില്‍ താമസിക്കുന്ന ഇവര്‍ വനവും ഭൂമിയും അവിടുത്തെ ജൈവവൈവിധ്യവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. ഇത്രയും കാലം അവര്‍ വളരെ ഊര്‍ജ്ജസ്വലതയോടെ തലമുറകളായി പ്രകൃതി സംരക്ഷണം ചെയ്തുപോരുന്നവരും ആണ്.
കര്‍ഷകര്‍ക്ക് കൈവശഭൂമിയില്‍ ഉള്ള സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നതല്ല എന്ന് വളരെ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഉള്ള മരങ്ങള്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ്; അല്ലാതെ വനവുമായി യാതൊരു ബന്ധവും ഉള്ളവയല്ല. കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി മുറിക്കുവാനും വീട് പണിക്കും മറ്റും ഉപയോഗിക്കുവാനും വളരെ അത്യാവശ്യഘട്ടങ്ങളില്‍ അത് വിറ്റ് പണമാക്കാന്‍ വേണ്ടി പരിപാലിച്ചു പോരുന്നു മരങ്ങളാണ്. കൈവശഭൂമിയില്‍ ഉള്ള മരങ്ങള്‍ മുറിക്കാന്‍ പാടില്ല എന്ന കരിനിയമം തീര്‍ത്തും കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ്.
കിണര്‍ കുഴിക്കാന്‍ പോലും പ്രത്യേക അനുവാദം വേണം എന്ന് പേജ് നമ്പര്‍ 19ല്‍ 24മത്തെ പട്ടികയില്‍ പറയുന്നുണ്ട്.
പരിസ്ഥിതി ലോല പ്രദേശം എല്ലായിടത്തും സാങ്ങ്ച്വറിക്ക് ചുറ്റും ഏകദേശം ഒരു കിലോമീറ്റര്‍ ആയി രേഖപ്പെടുത്തുമ്പോള്‍ നോര്‍ത്ത് വെസ്റ്റ് ഭാഗത്ത് മാത്രം അത് വെറും 100 മീറ്ററില്‍ ഒതുക്കുന്നത് ആ പ്രദേശങ്ങളിലെ പാറമട ലോബികള്ക്കും ഘനന മാഫിയകള്ക്കും സൗകര്യമൊരുക്കുകയാണ് എന്ന് തന്നെ വേണം കരുതാന്‍.
കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും കൃഷിയിടങ്ങളെയും തകര്‍ക്കുന്ന രീതിയില്‍ പുതിയ കരിനിയമങ്ങള്‍ അടിചേല്പ്പിക്കുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ നിരാശരാവുകയാണ്. ഭാവിയോര്‍ത്ത് ആശങ്കാകുലരായി, ആത്മഹത്യയിലേക്ക് തള്ളിവിടുന്ന, നിയമഭേദഗതി നടപ്പാക്കരുത് എന്നും ആവശ്യപ്പെടുകയാണ്.
നിലവിലുള്ള നിയമങ്ങളെ നോക്കുകുത്തിയാക്കി തുടര്‍ന്ന് പുതിയ നിയമങ്ങള്‍ അടിച്ചേല്പ്പിക്കല്‍ വരുമ്പോള്‍ ഇവിടത്തെ കര്‍ഷകരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ജീവിതം തീര്‍ത്തും ദുസ്സഹമായി മാറും.
വനവും ഭൂമിയും ജൈവവൈവിധ്യവും സംരക്ഷിക്കുവാന്‍ ജനങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇത്രയും കാലം വളരെ ഊര്‍ജ്ജസ്വലതയോടെ തലമുറകളായി ഇത് ചെയ്തുപോരുന്നവരുമാണ്.
ഇങ്ങനെ പുതിയ കരിനിയമങ്ങള്‍ അടിച്ചേല്പ്പിക്കുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ നിരാശരാവുകയാണ്.
കേരളത്തിലെ മലയോരങ്ങളിലെ കര്‍ഷകരെയും മറ്റ് അനുബന്ധ മേഖലയിലെ ജനങ്ങളെയും കൃഷി മേഖലയെയും ബാധിക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉദാസീനത അവസാനിപ്പിക്കാന്‍ അടിയന്തിരമായി കേന്ദ്രം ഇടപെടണമെന്നും നിലവില്‍ ഇറക്കിയിരിക്കുന്ന കരട് വിജ്ഞാപനം നടപ്പാക്കുന്നതില്‍ നിന്ന് ഗവണ്‍മെന്ര് പിന്തിരിയണമെന്നും ജോയിന്‍റ് വെരിഫിക്കേഷന്‍ നടത്തി, അതിര്‍ത്തി കൃത്യത വരുത്തി, ബഫര്‍സോണ്‍ ഇ എസ് ഇസഡ് 50മീറ്ററിനുള്ളിലേക്ക് കുറച്ചു ജനങ്ങളെ രക്ഷിക്കണമെന്നും എം പി ആവശ്യപ്പെട്ടു.