തിരുവമ്പാടി: ആനക്കാംപൊയില്‍ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള സര്‍വേ പ്രവര്‍ത്തനങ്ങള്‍ രണ്ടാം തവണയും മാറ്റിവെച്ചു. കനത്ത മഴ മൂലം കാലാവസ്ഥ മോശമായതിനെ തുടർന്ന് സർവേ സംഘത്തിന് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർവേ മാറ്റിയത്. ഈ മാസം 14 ന് സംഘമെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. കാലാവസ്ഥ പ്രതികൂലമായതിനാൽ 18ലേക്ക് സർവേ മാറ്റുകയായിരുന്നു. എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇന്നലെയും സംഘത്തിന് എത്താൻ കഴിഞ്ഞില്ല. അതോടെ സർവേ നടപടികൾ 22 ലേക്ക് മാറ്റുകയായിരുന്നു.കാലാവസ്ഥ അനുകൂലമായി സംഘം എത്തുകയാണങ്കിൽ 22 ന് സർവേ തുടങ്ങുമെന്ന് ജോർജ് എം തോമസ് എം എൽ എ യുടെ ഓഫീസ് അറിയിച്ചു.
. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്റെ 12 അംഗ സംഘമാണ് സര്‍വേ, ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, ട്രാഫിക് സ്റ്റഡി എന്നിവക്കായി എത്തുന്നത്.
പൂനെയില്‍ നിന്നാണ് കെആര്‍സിഎല്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (പ്രോജക്ട്) കേണല്‍ രവിശങ്കര്‍ ഖോഡകെയുടെ നേതൃത്വത്തിലുള്ള എന്‍ജിനീയറിങ് സംഘമെത്തുക. സംസ്ഥാന സര്‍ക്കാര്‍ നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തിയ തുരങ്കപാതയുടെ ഔദ്യോഗിക ലോഞ്ചിംഗ് ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.