മുക്കം: രണ്ടു ദിവസം തുടർച്ചയായി പെയ്ത ശക്തമായ മഴയിലും ഇന്നലെയുണ്ടായ കാറ്റിലും അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും
ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ നാശനഷ്ടങ്ങളേറെ.
വീടുകൾ തകരുകയും മരങ്ങൾ വീണ് ഗതാഗതം തടസപ്പെടുകയും കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി വ്യാപകമായി കൃഷിനാശം സംഭവിക്കുകയും ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ്
മുക്കം മാങ്ങാ പൊയിൽ ഒമ്പതാം ഡിവിഷനിൽ മുത്തേരി മുതിരകണ്ണിൽ അപ്പുണ്ണിയുടെ വീട് തകർന്നു. ആളപായമില്ല.
ഏകദേശം അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അയൽവാസികളും നാട്ടുകാരും ചേർന്ന് താമസത്തിനു താൽക്കാലിക സംവിധാനം ഒരുക്കി.
കാരശ്ശേരി പഞ്ചായത്തിലെ കക്കാട് പാറക്കൽ സുൽഫീക്കറലിയുടെ വീട് ശക്തമായ മഴയിൽ ഭാഗികമായി തകർന്നു. ശനിയാഴ്ച രാത്രി രണ്ടരയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയാണ് തകർന്നത്. അസമയത്തായതിനാൽ ആളപായമുണ്ടായില്ല. ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായ വീട്ടിൽ തമസിക്കുന്നത് ജീവനു ഭീഷണിയായതിനാൽ താമസം മാറി.
കാരശ്ശേരി കുമാരനെല്ലൂർ വില്ലേജിലെ പാഴൂർതോട്ടം പുളിക്കൽ ആമിനയുടെയും നടുവിലേടത്ത് അലി യുടെയും വീടിനോടു ചേർന്ന മതിലിടിഞ്ഞ് രണ്ടു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. വെള്ളത്തിന്റെ പൈപ്പ് പൊട്ടുകയും ചെയ്തു. കല്ലും മണ്ണും നീക്കം ചെയ്താലേ കേടുപാടുകളും നാശനഷ്ടങ്ങളുടെയും ശരിയായ കണക്കു കിട്ടൂ.
ആനക്കാംപൊയിൽ, പുല്ലൂരംപാറ തുടങ്ങിയ പ്രദേശങ്ങളിലെ അതിശക്തമായ മഴയെ തുടർന്ന്
ഇരുവഞ്ഞിപ്പുഴ നിറഞ്ഞൊഴുകി.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.വ്യാപക കൃഷിനാശവുമുണ്ടായി.
കാരമൂല-വല്ലത്തായ്പാറ പാലം വെള്ളത്തിൽ മുങ്ങി, ഗതാഗതം നിലച്ചു.
ശക്തമായ കാറ്റിൽ മുക്കം -കാരശ്ശേരി റോഡിൽ ചോണാട് മരം വീണു ഗതാഗതം സ്തംഭിച്ചു.
മുക്കം -കോഴിക്കോട് റോഡിലെ മാമ്പറ്റ ഗംഗ കാറ്ററിംഗിന് സമീപം റോഡിനു കുറുകെ ക്കും മരം വീണു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റി.
കാരമൂലയിൽ നൂറോളം
റബ്ബർ മരങ്ങൾ നിലംപൊത്തി, വാഴ നശിച്ചു, കവുങ്ങ് പൊട്ടിവീണു.
മരങ്ങൾ വീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നതിനാൽ പല ഭാഗത്തും വൈദ്യുതിയുണ്ടായില്ല.