localtop news

ഹോര്‍ട്ടികോര്‍പ്പിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് വേങ്ങേരിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍, അവയുടെ ഗുണനിലവാരത്തിന് അനുസരിച്ച് ഗ്രേഡ് ചെയ്യുന്നതിലൂടെ ഗുണനിലവാരം കൂടിയ പച്ചക്കറികള്‍ക്ക് പ്രീമിയം വില ലഭിക്കുന്നു എന്നതാണ് ഹോര്‍ട്ടി കോര്‍പ്പ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി സുനില്‍ കുമാര്‍ പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന്റെ കേരളത്തിലെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റ് വേങ്ങേരി തടമ്പാട്ട് താഴത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രീമിയം വില നല്‍കി സംഭരിക്കുന്ന പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് ന്യായ വിലയ്ക്ക് വിറ്റഴിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഗുണനിലവാരം കൂടിയ ഉല്‍പ്പന്നത്തിന് കൂടിയ വില ലഭിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് അത്തരം ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ പ്രോത്സാഹനമാകുന്നു.

വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എന്നീ ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ അതത് ജില്ലകളിലെ ഹോര്‍ട്ടികോര്‍പ്പ് വഴിയും, കോഴിക്കോട് ജില്ലയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ടും വേങ്ങേരി മാര്‍ക്കറ്റിലെ ലേലം വഴിയുമാണ് ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുവാന്‍ ഉദ്ദേശിക്കുന്നത്. മുതലമടയില്‍ നിന്നുള്ള വിവിധ ഇനം മാങ്ങകള്‍, വാഴക്കുളം പൈനാപ്പിള്‍, മൂന്നാറിലെ ശീതകാല പച്ചക്കറികളായ ക്യാരറ്റ്, ക്യാബേജ്, ഉരുളകിഴങ്ങ്, ബീന്‍സ്, വെളുത്തുള്ളി, കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന വിദേശ പഴങ്ങളായ അവക്കാഡോ,റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍ തുടങ്ങിയവയും വിപണിയില്‍ എത്തിക്കും.

പ്രീമിയം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ജില്ലയിലെ പച്ചക്കറികള്‍ നല്‍കുവാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അതതു കൃഷിഭവനുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളെ സംബന്ധിച്ച് ബന്ധപ്പെട്ട കൃഷി ഓഫീസര്‍ നല്‍കുന്ന ഒറ്റതവണ സാക്ഷ്യപത്രത്തിലൂടെ ഹോര്‍ട്ടി കോര്‍പ്പിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പ്രീമിയം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്ക് പച്ചക്കറികള്‍ പരിമിതമായ അളവില്‍ മാത്രം മതിയാകും എന്നതിനാല്‍ കൊണ്ടു വരുന്നതിനു
മുമ്പ് കര്‍ഷകര്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ ഓഫീസില്‍ മൂന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. പ്രീമിയം മാര്‍ക്കറ്റിലേക്ക് മാത്രമായുള്ള പച്ചക്കറികള്‍ക്ക് പണം വേഗത്തില്‍ ലഭ്യമാക്കുന്നതിനായി റിവോള്‍വിങ് ഫണ്ട് ഏര്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുന്നു. ഇതിലൂടെ ജില്ലയില്‍ നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ക്ക് ജില്ലാ ഓഫീസില്‍ നിന്നും, മറ്റു ജില്ലകളിലെ കര്‍ഷകരുടെ പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെയും
നല്‍കുവാന്‍ കഴിയും.

കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളെ കൂടാതെ കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൂത്താളി ജില്ലാ കൃഷിതോട്ടത്തില്‍ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കുത്താളി ഫാം ഫ്രഷ് വെജീസ് എന്ന പേരില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

നാടന്‍ പച്ചക്കറികളും പഴങ്ങളും കൂടാതെ ഹോര്‍ട്ടികോര്‍പ്പിന്റെ അഗ്മാര്‍ക്ക് അംഗീകാരമുള്ള അമൃത് ബാന്‍ഡ് തേനും, മില്‍മയുടെ വിവിധ ഉല്‍പ്പന്നങ്ങളും, കാഷ്യൂ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ക്യാപക്‌സ് കശുവണ്ടിയും, ഇറക്കുമതി ചെയ്ത പഴങ്ങളും പ്രീമിയം നാടന്‍ വെജ് ആന്‍ഡ ഫൂട്ട്‌സ് സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാകും. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ 6.30 മണി വരെയായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close