കേരള ബ്ലാസ്റ്റേഴ്സിന്റെ ചങ്ക് ബ്രോ ആയിരുന്ന ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കന് വരാനിരിക്കുന്ന ഐ എസ് എല്‍ സീസണില്‍ കൊല്‍ക്കത്തയുടെ എടികെ മോഹന്‍ ബഗാനില്‍ കളിക്കും. ഇരുപത്തേഴുകാരന് അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചുവെന്ന് എടികെബഗാന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. എന്നാല്‍, കരാര്‍ തുക സംബന്ധിച്ച വിവരങ്ങളൊന്നും എടികെ മോഹന്‍ ബഗാന് പുറത്തുവിട്ടിട്ടില്ല.
കേരള ബ്ലാസ്റ്റേഴ്സ് വിട്ട ജിങ്കന് യൂറോപ്പിലെ ഏതെങ്കിലും പ്രധാന ലീഗില്‍ കളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പോര്‍ച്ചുഗല്‍ ക്ലബ്ബില്‍ ട്രയല്‍സില്‍ പങ്കെടുക്കാനിരിക്കുമ്പോഴാണ് കോവിഡ് മഹാമാരിയുടെ വരവ്. അതോടെ, എല്ലാം തകിടം മറിഞ്ഞു. ഇതോടെ, പദ്ധതി മാറ്റിയ ജിങ്കന് ഇന്ത്യന്‍ ഫുട്ബോളില്‍ തുടരാന്‍ തീരുമാനിച്ചു.
ഐ എസ് എല്‍ ചാമ്പ്യന്മാരായ എടികെയും ഐ ലീഗ് ചാമ്പ്യന്മാരായ മോഹന്‍ ബഗാനും ലയിച്ച് എടികെ ബഗാനായി ചേര്‍ന്നതോടെ രാജ്യത്തെ പ്രധാന ക്ലബ്ബായി ഇത് മാറി. ഏറ്റവും മികച്ച കളിക്കാരെ തന്നെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സന്ദേശ് ജിങ്കനെ സ്വന്തമാക്കിയതോടെ അവരുടെ പ്രതിരോധ നിര ശക്തമായി.
2019-20 സീസണ് പരുക്ക് കാരണം പൂര്‍ണമായും നഷ്ടമായ സന്ദേശ് ജിങ്കന് സ്വപ്നസമാനമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
2014 ല്‍ ഐ എസ് എല്‍ എമെര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് ആയിതിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജിങ്കന് ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. അതേ വര്‍ഷം, എ ഐ എഫ് എഫിന്റെ എമെര്‍ജിംഗ് പ്ലെയര്‍ ട്രോഫിയും പഞ്ചാബ് ഡിഫന്‍ഡറെ തേടിയെത്തി. അര്‍ജുന അവാര്‍ഡ് നല്‍കിയും രാജ്യം ജിങ്കനെ ആദരിച്ചിട്ടുണ്ട്.