localtop news

യുവഡോക്ടര്‍മാരായെത്തി മൊബൈല്‍ മോഷണം, രണ്ടംഗ സംഘം പോലീസ് പിടിയില്‍

മുക്കം: മുക്കത്ത് പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്നുള്‍പ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച 2 അംഗ സംഘം പോലീസ് പിടിയിലായി.
ചാത്തമംഗലം വേങ്ങേരിമഠം വഴക്കാലായില്‍ ബബിചെക്കന്‍ എന്ന ബബിന്‍(20), ചാത്തമംഗലം ചോയിമഠത്തില്‍ ഷാഹുല്‍ദാസ്(24) എന്നിവരെയാണ് മുക്കം പോലീസ് പിടികൂടിയത്.
ഡോക്ടര്‍ എന്ന വ്യാജേന സീല്‍ നിര്‍മ്മിക്കാനെത്തി മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി രക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച മുക്കത്തെ ഓര്‍ഫനേജ് റോഡിലുള്ള പ്രിന്റിംഗ് സ്ഥാപനത്തില്‍ സ്റ്ററ്റതസ്‌കോപ്പ് ധരിച്ചെത്തിയ പ്രതികള്‍ മുക്കത്തു തന്നെയുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി സീല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് തന്ത്രപൂര്‍വ്വം സ്ഥാപനത്തിലുണ്ടായിരുന്ന മൂന്നു മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തു. അന്ന് രാത്രി തന്നെ മുക്കത്തെ മറ്റൊരു തട്ടുകടയില്‍ നിന്നും പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നു.

പ്രതികളെ പിടികൂടുന്നതിനായി നിയോഗിച്ച അന്വേഷണ സംഘം മുക്കത്തും പരിസരങ്ങളിലുമുള്ള വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പ്രതികളുടെ വീടും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെ കെട്ടാങ്ങല്‍ അങ്ങാടിയില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളുടെ കയ്യില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ച പത്തോളം മൊബൈല്‍ ഫോണുകള്‍ പോലീസ് സംഘം കണ്ടെടുത്തു. കൂടാതെ പ്രതികളെകുറിച്ചു കൂടുതല്‍ അന്വേഷണം നടത്തിയതില്‍ പ്രതികള്‍ ന്യൂജന്‍ മയക്കുമരുന്നുകളുള്‍പ്പെടെ വിവിധതരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരാണെന്നും മയക്കുമരുന്നുകള്‍ വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണെന്നും പോലീസിനു മനസ്സിലായിട്ടുണ്ട്.

പ്രതികള്‍ മുമ്പും ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തിയതായി അറിവായിട്ടുണ്ട്. പിടികൂടുന്നസമയത്തു പ്രതികള്‍ പോലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ ശ്രമിച്ചെങ്കിലും അതിസാഹസികമായി പോലീസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. പ്രതികളിലൊരാളായ ബബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, കുന്നമംഗലം, തിരുവമ്പാടി തുടങ്ങി വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പോലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിലും മലപ്പുറം ജില്ലയില്‍ കഞ്ചാവു കടത്തിയതടക്കമുള്ള കേസുകളിലും പ്രതിയാണ്.

മുക്കം ഇന്‍സ്‌പെക്ടര്‍ ബി.കെ.സിജുവിന്റെ നിര്‍ദേശപ്രകാരം മുക്കം പ്രിന്‍സിപ്പല്‍ എസ്.ഐ. ഷാജിദ്.കെ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീലിയാനിക്കല്‍, ശ്രീകാന്ത്, സിഞ്ചിത്ത്, സുഭാഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close