കോഴിക്കോട് ബീച്ച് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ് ബിയില്‍ നിന്നും 86.8 കോടി രൂപ അനുവദിച്ചതായി എ.പ്രദീപ്കുമാർ എംഎൽഎ അറിയിച്ചു. ജില്ലയുടെ ചരിത്രത്തില്‍ ഒരു ആശുപത്രിയുടെ വികസനത്തിനായി അനുവദിക്കുന്ന ഏറ്റവും വലിയ തുകയാണിത്. എംഎല്‍എ ഫണ്ട്, പ്ലാന്‍ഫണ്ട്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവ വഴി പതിനഞ്ചു കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ നടന്നു കഴിഞ്ഞിട്ടുണ്ട്.
സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമുള്‍പ്പെടുന്ന തീരദേശത്ത് ഒരു ഹൈടെക് ആശുപത്രി സമുച്ചയം യാഥാര്‍ഥ്യമാവുകയാണ്. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളാണ് ബീച്ച് ആശുപത്രിയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കാൻ പോവുന്നത്.
സര്‍ജിക്കല്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേഷന്‍ ബ്ലോക്ക്, അമിനെറ്റി ബ്ലോക്ക് എന്നീ മൂന്ന് മേഖലകളിലായാണ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
എട്ടു നിലകളിലായാണ് സര്‍ജിക്കല്‍ബ്ലോക്ക് രൂപകല്പന ചെയ്തിരിക്കുന്നത്. താഴത്തെ നിലയില്‍ കാഷ്വാല്‍റ്റി വിഭാഗം, എം ആര്‍ ഐ സ്കാനിങ്, സി ടി സ്കാന്‍, എമര്‍ജെന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍, സ്ട്രോക് ഐ സി യു, 12 കിടക്കകളുള്ള ഒബ്സര്‍വേഷന്‍ വാര്‍ഡ്, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടാവുക. രണ്ടു മുതല്‍ അഞ്ചു വരെയുള്ള നിലകളിലായി ആറുവീതം കിടക്കകളുള്ള പത്ത് വാര്‍ഡുകള്‍ വീതം ആകെ 240 ബെഡുകളാണ് ഈ സമുച്ചയത്തില്‍ നിര്‍മിക്കുക. അതോടൊപ്പം 36 പേ വാര്‍ഡുകളുമുണ്ടായിരിക്കും.
ആറാം നിലയിൽ പൂര്‍ണമായും ഐ.സി.യു സംവിധാനങ്ങളാണ് ഒരുക്കുക. പുരുഷന്മാര്‍ക്കു വേണ്ടിയുള്ള പത്ത് ബെഡ് വീതമുള്ള രണ്ട് ഐ സി യു, ഇതേ ക്രമത്തില്‍ സ്ത്രീകള്‍ക്കു വേണ്ടിയുള്ള രണ്ട് ഐ.സി.യുവും ആണ് ഉണ്ടാവുക. ആകെ 40 രോഗികള്‍ക്ക് ഒരേ സമയം ജീവന്‍ രക്ഷയ്ക്ക് ഈ സംവിധാനങ്ങള്‍ തുണയാവും. ഏഴാം നില
പൂര്‍ണമായും സര്‍ജിക്കല്‍ ബ്ലോക്കാണ്. ആറ് ഓപ്പറേഷന്‍ തീയേറ്ററുകളാണ് ഇവിടെയുണ്ടാവുക. പത്ത് കിടക്കകള്‍ വീതമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഡോര്‍മിറ്ററി സൗകര്യവുമുണ്ടാവും. എട്ടാം നില പൂര്‍ണമായും ലബോറട്ടറി കോംപ്ലക്സാണ്. സ്റ്റെറിലൈസേഷന്‍ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ നിലകളിലേക്കുമുള്ള അനായാസ സഞ്ചാരത്തിന് ആറു ലിഫ്റ്റുകളും ഉണ്ടായിരിക്കും.
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ
താഴത്തെ നിലയില്‍ ഡെര്‍മറ്റോളജി ഒ.പിയും അതിന്റെ അനുബന്ധ സൗകര്യങ്ങളും ക്രമീകരിച്ചിരിക്കുന്നു. ഒന്നാം നിലയില്‍ സൂപ്രണ്ടിന്റെ ഓഫീസും രണ്ടാം നിലയില്‍ മെഡിക്കല്‍ റിക്കോഡ് ലൈബ്രറിയും കോണ്‍ഫ്രന്‍സ് ഹാളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും സാധനങ്ങള്‍ വാങ്ങിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും വേണ്ടിയുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റും ഫുഡ് കോര്‍ട്ടും നീതി മെഡിക്കല്‍ സ്റ്റോര്‍, കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ എന്നിവയും കൂട്ടിരുപ്പുകാര്‍ക്കുള്ള ഡോര്‍മിറ്റെറി സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് അമിനെറ്റി ബ്ലോക്ക്.
അടുത്ത ഘട്ടത്തില്‍ നിലവിലുള്ള പഴയ കെട്ടിട സമുച്ചയം നവീകരിക്കാനും കൂടിയുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. എന്‍ എം സലിം ഗ്രൂപ്പാണ് കെട്ടിടത്തിൻ്റെ രൂപകല്പന തയ്യാറാക്കിയിരിക്കുന്നത്. ഇന്‍കല്‍ ആണ് നിര്‍വ്വഹണ ഏജന്‍സി.