localPoliticstop news

എംപ്ലോയ്​മെൻറ്​ എക്​സചേഞ്ച്​ വഴി നിയമിച്ച 60 പേരെ നഗരസഭ സ്​ഥിരപ്പെടുത്തി —എസ്കലേറ്റർ മേൽപാലത്തി​ന്റെ പരിപാലനത്തിന്​ കരാറായി

കോഴിക്കോട്​: തെരഞ്ഞെടുപ്പ്​ പടിവാതിലിലെത്തിനിൽക്കെ എംപ്ലോയ്​മെൻറ്​ എക്​സ്​ചേഞ്ച്​ വഴി ബദൽ കണ്ടിജൻറ്​ തൊഴിലാളികളായി ജോലിയിൽ പ്രവേശിപ്പിച്ച 60 പേരെ​ സ്ഥിരപ്പെടുത്താൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. കഴിഞ്ഞ മാർച്ച്​ 23നാണ്​ ഇവർ ജോലിയിൽ പ്രവേശിച്ചത്​. ആകെയുള്ള 65 പേരിൽ തൊളിലാളികളുടെ കഴിവും ജോലിയോടുള്ള ആത്​മാർഥതയും പരിശോധിച്ചാണ്​ 60 പേരെ സ്ഥിരപ്പെടുത്തിയത്​. അവശേഷിച്ച അഞ്ചുപേരുടെ പ്രകടനം രണ്ടുമാസം നിരീക്ഷിച്ചശേഷം പിരിച്ചുവിടുകയോ സ്​ഥിരപ്പെടുത്തുകയോ ചെയ്യും. അതേസമയം തീരുമാനത്തിനെതിരെ യു.ഡി.എഫും ബി.ജെ.പിയും രംഗത്തുവന്നു. ഇവരുടെ വിയോജനക്കുറിപ്പോടെയാണ്​ അജണ്ട യോഗം പാസാക്കിയത്​. നിലവിൽ 161 കണ്ടിജൻറ് ജീവനക്കാരുടെ സ്ഥിരം ഒഴിവാണ്​ നഗരസഭയിലുള്ളത്​.
രാജാജി റോഡിലെ എസ്കലേറ്റർ മേൽപാലത്തിന്റെ​  പരിപാലന കരാർ 11,13,000 രൂപയുടെ താൽപര്യപത്രം സമർപ്പിച്ച അമർ.ആർ.പിക്ക്​ നൽകി. ഞെളയൻ പറമ്പ്​ മാലിന്യ സംസ്​ക്കരണ പ്ലാൻറിലെ കാലപ്പഴക്കം ചെന്ന യന്ത്രങ്ങൾ മാറ്റി സ്​ഥാപിക്കാനും കുടുംബശ്രീയുടെ രാജാജി റോഡിലെ ‘രുചിപ്പുര’ ജനകീയ ഹോട്ടൽ പദ്ധതിയിൽ ഉൾപ്പെടുത്താനും അരവിന്ദ് ഘോഷ്  റോഡിലെ നഗരസഭയുടെ 4.6 സെൻറ്​ സ്​ഥലം ശുചിമുറി, പൂന്തോട്ടം എന്നിവ നിർമിക്കുന്നക്കുന്നതിന്​ വ്യവസ്ഥകളോടെ മുഹമ്മദ്​ റഫി ഫൗണ്ടേഷന്​ കൈമാറുന്നതിനും യോഗം അനുമതി നൽകി.
വിവിധ വാർഡുകളിൽ 241.67 കിലോ മീറ്റർ നീളത്തിൽ ലൈൻ വലിച്ച് 7616 പോൾ സ്ഥാപിക്കാനുള്ള റിലയൻസിന്റെ  അപേക്ഷ മാറ്റി വെച്ചു. ഈ ഭരണ സമിതിയുടെ അവസാനത്തെ കൗൺസിൽ യോഗം നവംമ്പർ പത്തിന്​ രാവിലെ 11 ന് ടാഗോർ ഹാളിൽ ചേരുമെന്ന്​ യോഗത്തിൽ അധ്യക്ഷതവഹിച്ച മേയർ തോട്ടത്തിൽ രവവീന്ദ്രൻ അറിയിച്ചു. ഔദ്യോഗികമായ യാത്രയയപ്പും അന്ന് നടത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close