KERALAlocaltop news

കൗൺസിലിൽ ഉപമയായി ” അമേദ്യ പ്രയോഗം ” : വാക്കേറ്റം, ബഹളം ,ഒടുവിൽ ഭായ് – ഭായ്

കോഴിക്കോട്: ശബരിമലയിലെ ദുരിതം ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗിലെ കെ.മൊയ്തീൻ കോയയും ബി.ജെ.പിയിലെ ടി.റനീഷും നൽകിയ അടിയന്തര പ്രമേയത്തിന് മേയർ ഡോ.ബീന ഫിലിപ്പ് അനുമതി നിഷേധിച്ചു. അടിയന്തര നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ച സ്ഥിതിക്ക് അടിയന്തര സ്വഭാവമില്ലെന്ന് നിരീക്ഷിച്ചാണ്  നടപടി. അനുമതി നിഷേധിച്ചെങ്കിലും മേയർ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിച്ചത് യു.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തു. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ കെ.സിശോഭിതയുടെ നേതൃത്വത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷധിച്ച് ഇറങ്ങിപ്പോക്ക് നടത്തി.
ബീച്ചിൽ ഫ്രീഡം സ്ക്വയർ ഭാഗത്തും ലയൺസ്പാർക്കിന് സമീപവുമടക്കം നഗരത്തിലെ മാലിന്യമൊഴുകുന്നതിൽ കോർപറേഷൻ അടിയന്തര നടപടിയെടുക്കും. ലീഗിലെ കെ.റംലത്ത് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചു. വി.പി.മനോജ്, എം.കെ.മഹേഷ്, വി.കെ.മോഹൻദാസ്, ടി.കെ.ചന്ദ്രൻ, ടി.സുരേഷ് കുമാർ തുടങ്ങിയവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.
പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റരുതെന്ന് യു.ഡി.എഫ് കൗൺസിൽ യോഗത്തിൽ ആവശ്യമുന്നയിച്ചു. പ്രതി പക്ഷ നേതാവ് കെ.സി.ശോഭിതയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്. പാളയം മാർക്കറ്റിനെപ്പറിയുള്ള ചർച്ചക്കിടെ സി.പി.എമ്മിലെ അഡ്വ. സി.എം.ജംഷീർ യു.ഡി.എഫിനെപ്പറ്റി നടത്തിയ ഉപമ വലിയ പ്രതിഷേധമുണ്ടാക്കി. പ്രതിപക്ഷാംഗങ്ങൾ മേയറുടെ ഇരിപ്പിടത്തിനടുത്തേക്ക് ഇരമ്പിയെത്തിപ്രതിഷേധിച്ചതോടെ കൗൺസിൽ  അഞ്ച്  മിനിട്ട്  നിർത്തിവച്ചു. മേയർ ചർച്ചക്ക് വിളിച്ചെങ്കിലും യു.ഡി.എഫ് നേതാക്കൾ അതും ബഹിഷ്ക്കരിച്ചു. പിന്നീട് മേയർ ഇടപെട്ട് താൻ നടത്തിയ പരാമർശം മേയറുടെ അഭ്യർഥന പ്രകാരം പിൻവലിക്കുന്നതായി ജംഷീർ അറിയിച്ചതോടെയാണ് പ്രതിഷേധമടങ്ങിയത്. അമേദ്യവും    സ്വർണവും അടുത്തടുത്ത് വച്ചാൽ ഈച്ച അമേദ്യത്തിലായിരിക്കും  ഇരിക്കുക എന്നതായിരുന്നു ഉപമ.           പാളയം മാർക്കറ്റ് മാറ്റാൻ കൗൺസിൽ ഒന്നിച്ചെടുത്ത തീരുമാനത്തിന് വിരുദ്ധമായി ആദ്യമായാണ് യു.ഡി.എഫ് ഇങ്ങനെ ആവശ്യം ഉന്നയിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. 22 കോടി രൂപ ചെലവിൽ സ്ഥലം ഏറ്റെടുത്തുനൽകുന്നതിൽ വന്ന കാലതാമസമാണ് മാർക്കറ്റ് നിർമാണം നീണ്ട് പോയതെന്നും എല്ലാ പരാതികളും പരിഹരിച്ച് മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു. തുടർന്ന് മാർക്കറ്റ് മാറ്റുന്നതിനെതിരായ വിമർശങ്ങൾക്ക് ഡെപ്യൂട്ടിമേയർ അക്കമിട്ട് മറുപടി നൽകി. 1.62 ഏക്കറുള്ള മാർക്കറ്റിൽ നിന്ന് അഞ്ച് ഏക്കറിലധികമുള്ള സ്ഥലത്തേക്കാണ് മാർക്കറ്റ് മാറ്റുന്നത്. 148 കടക്കാരെ മാറ്റുന്നത് 300ലേറെ കടമുറികളുള്ള സ്ഥലത്തേക്കാണ്. കച്ചവടം നടത്താൻ കൂടുതൽ സ്ഥലവും കല്ലുത്താൻ കടവിലുണ്ട്. ആർക്കും തൊഴിൽ നഷട്ം ഉണ്ടാവില്ല. അതിനായി തൊഴിൽ വകുപ്പുമായി ചേർന്ന് തിരിച്ചറിയൽ കാർഡ് നൽകും. ഇപ്പോൾ കടയുള്ള കൈവക്കാരല്ലാത്തവർക്കു  പുതിയ സ്ഥലത്ത് അത് നഷ്ടപ്പെടില്ല. കോർപറേഷൻ കട അനുവദിച്ചവർ മറിച്ച് നൽകി അവിടെ കച്ചവടം ചെയ്യുന്നവർക്കും വൺടൈം സെറ്റിൽമെന്റ് പദ്ധതിയിൽ കട നൽകും. പാളയത്ത്  നാല് ഏക്കറോളം സ്ഥലം ഏറ്റെടുത്ത് സ്വപ്ന മാർക്കറ്റ് പണിയാൻ വർഷങ്ങൾ വേണ്ടി വരും എന്നതിനാൽ അവിടെതന്നെ കച്ചവടം തുടരണമെന്ന് പറയുന്നത് പ്രായോഗികമല്ല. എന്നാൽ  പാളയത്ത് സ്വപ്ന പദ്ധതിയിൽ അത്യാധുനിക പച്ചക്കറി മാർക്കറ്റുണ്ടാക്കുമ്പോൾ അവിടെയും കച്ചവടക്കാർക്ക് അവസരം നൽകുമെന്നും ഡെപ്യൂട്ടിമേയർ പറഞ്ഞു.
നഗരത്തിലെ  ചില ഹോട്ടലുകളിൽ അമിത നിരക്ക് ഈടാക്കുന്നതിൽ ടി.റനീഷ് ശ്രദ്ധ ക്ഷണിച്ചു. ഇക്കാര്യത്തിൽ ജില്ല സപ്ലൈ ഓഫീസറും ലീഗൽമെട്രോളജി വകുപ്പുമായി ചേർന്ന് നടപടിയെടുക്കാൻ കൗൺസിൽ തീരുമാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close