കോഴിക്കോട്: കേരളത്തിലെ മറ്റു സര്‍വകലാശാലകളുമായി ചേര്‍ന്ന് ഭിന്നശേഷി വിഭാഗക്കാരുടെ വിദ്യാഭ്യാസ പുനരധിവാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് കാസറഗോഡ് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. എച്. വെങ്കടേശ്വരലു അറിയിച്ചു. സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റിയുടെയും മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ഇന്‍ ലേണിംഗ് ഡിസബിലിറ്റീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 23 വരെ നടത്തുന്ന സൗജന്യ ശ്രവണ പരിശോധന, ശ്രവണ സഹായി വിതരണം, ബോധവല്‍ക്കരണം എന്നീ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശ്രവണ മേഖലയിലെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് ആയ അലിയാവര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച് ആന്‍ഡ് ഹിയറിങ് ഡിസബിലിറ്റീസ് -ദിവ്യാങ് ജന്‍ ന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത ശ്രവണ വൈകല്യമുള്ള 200 പേര്‍ക്കാണ് ക്യാമ്പില്‍ സൗജന്യ പരിശോധനയും തുടര്‍ന്ന് ശ്രവണ സഹായിയും വിതരണം ചെയ്യുന്നത്. കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ എം.ടി. രമേശ് അധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി ഐആര്‍എല്‍ഡി ഡയറക്ടര്‍ ഡോ. കെ.എം. മുസ്തഫ ആമുഖ പ്രഭാഷണം നടത്തി. സ്പര്‍ശം ജനറല്‍ സെക്രട്ടറി അനഘ രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ സ്പര്‍ശം വൈസ് ചെയര്‍മാന്‍ അഡ്വ. കെ.വി. സുധീര്‍, സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി റിജി തയങ്ങോട്ട്, മുംബൈ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രതിനിധികളായ ഡോ. ആര്‍.പി. ശര്‍മ, ഡോ. മാത്യു മാര്‍ട്ടിന്‍ എന്നിവര്‍ സംസാരിച്ചു.