localtop news

നിയമസഭാ തെരഞ്ഞെടുപ്പ്: സംശയാസ്പദമായ പണമിടപട് നിരീക്ഷിക്കാന്‍ ജില്ലാതല സമിതി

കോഴിക്കോട് :നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടക്കുന്ന സംശയാസ്പദമായ പണമിടപാട് നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ സമിതി രൂപീകരിക്കും. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. റൂറല്‍ പോലീസ് മേധാവി ഡോ.എ ശ്രീനിവാസിന്റെ മേല്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിയില്‍ പോലീസ്, കസ്റ്റംസ്, ഇന്‍കം ടാക്സ്, സേല്‍സ്ടാക്സ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായിരിക്കും. പൊതുമേഖല-ദേശസാത്കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവ വഴി നടക്കുന്ന സംശയാസ്പദമായ പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.
സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ചെലവ് നിരീക്ഷണ സ്‌ക്വാഡുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണവും മദ്യവും ഉപയോഗപ്പെടുത്തുന്നത് കര്‍ശനമായി തടയേണ്ടതുണ്ട്. ഇതിലേക്കായി പൊലീസ്, എക്‌സൈസ്, വനം, ആദായ നികുതി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, കോസ്റ്റല്‍ പൊലീസ്, ബാങ്കിംഗ് ഏജന്‍സികള്‍ എന്നിവ ഒരു ടീമായി പ്രവര്‍ത്തിക്കണം. സംശയാസ്പദമായ പണമിടപാടുകളോ മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ കടത്തോ ശ്രദ്ധയില്‍പെട്ടാല്‍ കലതാമസമില്ലാതെ സമയബന്ധിതമായി സ്‌ക്വാഡുകള്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ഥികള്‍ അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. സ്ഥാനാര്‍ഥികളുടെ സാമ്പത്തിക ശേഷി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ അവസരം ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ചെലവ് നിരീക്ഷകരായ മുഹമ്മദ് സാലിക് പര്‍വേസ്, ശ്രീറാം വിഷ്‌ണോയ്, വിഭോര്‍ ബദോനി, ജില്ലാ സിറ്റി, റൂറല്‍ പോലീസ് മേധാവികളായ എ.വി ജോര്‍ജ്, ഡോ.എ ശ്രീനിവാസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി മനോജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close