കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ചേവായൂര്‍ ഗവ.ത്വക്ക് രോഗ ആശുപത്രി അങ്കണത്തില്‍ നിര്‍വ്വഹിച്ചു. ആശുപത്രി വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്കു പകരം തൈകള്‍ വെച്ചുപിടിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ചകിരി നാരില്‍ നിര്‍മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കാൾ പരിസ്ഥിതി ആഘാതത്തിലാണ് പൊതുസമൂഹം വ്യാപൃതരെന്ന് മന്ത്രി പറഞ്ഞു.മുൻ കാലങ്ങളിലെ അനുഭവങ്ങൾ മുന്നിൽക്കണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങണമെന്ന് മന്ത്രി പറഞ്ഞു. വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്നതിനോടൊപ്പം അവ സംരക്ഷിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്ന കാര്യം സർക്കാർ ആലോചനയിലാണ്. കാവുകളുടെ സംരക്ഷണം ഒരു പ്രത്യേക പദ്ധതിയായി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബൃഹദ് പദ്ധതികളാണ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. പരിസ്ഥി ദിനം മുതല്‍ വനമഹോത്സവമായി ആചരിക്കുന്ന ജൂലൈ 1 മുതല്‍ 7 വരെയുള്ള കാലയളവില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സാമുദായിക രാഷ്ട്രീയ യുവജന സംഘടനകളുടെയും ഇതര വകുപ്പുകളുടെയും സഹായത്തോടെ അരക്കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പൂമരങ്ങളുടെയും തണല്‍-ഔഷധ-ഫല വൃക്ഷങ്ങളുടെയും തൈകള്‍ വനം വകുപ്പിന്റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉദ്പാദിപ്പിച്ചിട്ടുണ്ട്.
കോവിഡ് കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്റ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരണത്തോടെ വൃക്ഷാവരണം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ എം. കെ രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.ദേവപ്രസാദ്. കൗണ്‍സിലര്‍ ഡോ.പി.എന്‍.അജിത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ.കേശവന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. അഡീ.പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്കുമാര്‍ സ്വാഗതവും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ നന്ദിയും പറഞ്ഞു.