കോഴിക്കോട് : വയനാട്ടിലേതടക്കം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ ഏറ്റവും അടുത്തനാളിൽതന്നെ തുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് . പുതിയ വെർഷൻ ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളം. അതിന്റെ ആശങ്കകൾ പരിഹരിച്ച് ടൂറിസം കേന്ദ്രങ്ങൾ എത്രയും വേഗം തുറന്ന്കൊടുക്കും- ഇ.ന്യൂസ് മലയാളത്തിന് നൽകിയ ടെലഫോൺ അഭിമുഖത്തിൽ മന്ത്രി റിയാസ് വ്യക്തമാക്കി. വയനാട് ജില്ലയിൽ അനന്തമായ ടൂറിസം സാധ്യതകളാണുള്ളത് . വിദേശ-സ്വദേശ വിനോദസഞ്ചാരികളെ ആകർഷിക്കും വിധം ഈ സാധ്യതകൾ നമുക്ക് മാറ്റിയെടുക്കണം. വയനാട് ടൂറിസം അസോസിയേഷനടക്കം ടൂറിസം അസോസിയേഷനുകളുമായി ചർച്ച നടത്താൻ തയ്യാറാണ് . വയനാടിനെ ടൂറിസത്തിന്റെ പറുദീസയാക്കണം. ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന സത്യം സർക്കാരിനറിയാം. കോവിഡ് രോഗികളെയടക്കം താമസിപ്പിക്കാൻ റിസോർട്ടുകളും ഹോളിഡേ ഹോമുകളും വിട്ടു നൽകിയവരാണ് ടൂറിസം സംരഭകർ . അവരെ ബുദ്ധിമുട്ടിക്കുന്ന ഒരു നീക്കവും സർക്കാരിന്റെ ഭാഗത്ത്നിന്ന് ഉണ്ടാവില്ല. ടൂറിസംകൊണ്ട് അതാത് മേഖലകളിലെ സാമ്പത്തികമേഖല എത്രകണ്ട് മെച്ചപ്പെട്ടതായി പ്രദേശവാസികൾ മനസിലാക്കി അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്ക്കാരം വളർന്നു വരേണ്ടതുണ്ട്. അതിനൊപ്പം നമ്മുടെ പ്രകൃതി സമ്പത്ത് സംരക്ഷിക്കപ്പെടുകയും വേണം. ടൂറിസം സംരഭകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഓർമിപ്പിച്ചു.