localtop news

കോവിഡ്; പരിശോധനയും കുത്തിവയ്പ്പും വർധിപ്പിക്കാൻ നഗരസഭാ തീരുമാനം

വാർഡ്തല നിരീക്ഷണം ശക്തമാക്കും , ടെലിമെഡിസിൻ സംവിധാനവും

കോഴിക്കോട്:   പരിശോധനക്കും പ്രതിരോധ കുത്തിവപ്പിനുമുള്ള ക്യാമ്പുകൾ വർധിപ്പിക്കാനും പോസിറ്റീവാവുന്ന രോഗികൾക്ക് വീടുകളിൽ ടെലിമെഡിസിൻ സംവിധാനമൊരുക്കാനും വാർഡ് തല നിരീക്ഷണ കമ്മറ്റികൾ ശക്തമാക്കാനും നഗരസഭ തീരുമാനം. മേയർ ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കോവിഡ് നിയന്ത്രണം ഉറപ്പാക്കാൻ മൂന്ന് വാർഡുകൾക്ക് ഒരാൾ വീതം നഗരത്തിൽ 25 സെക്ടറൽ മജിേസ്ട്രേറ്റുമാരെ നിയമിക്കാനും തീരുമാനമായി. നഗരത്തിൽ ആവശ്യത്തിന് വാക്സിൽ ലഭ്യമാണെന്ന് മേയറും ഏത് ഘട്ടത്തെയും നേരിടാൻ സജ്ജമെന്ന് ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദും പറഞ്ഞു. വീടുകളിൽ കഴിയുന്നവർക്ക് ഫോൺ വഴി വൈദ്യസഹായമെത്തിക്കുകയാണ് ടെലിമെഡിസിൻ സംവിധാനത്തിന്‍റെ ലക്ഷ്യം. നഗരത്തിൽ ഹോട്ടലുകളിൽ രാത്രി ഒമ്പതിന് ശേഷം ടേക് എവേ കൗണ്ടറുകൾക്കായി കുറച്ചു കൂടി സമയം അനുവദിക്കാൻ ആവശ്യപ്പെടും. 75 വാർഡിലും മോണിറ്ററിങ് കമ്മറ്റികൾ ഉടൻ വിളിച്ച് പുനസംഘടനമടക്കം ശക്തമാക്കാനുള്ള നടപടി ഉടൻ പൂർത്തിയാക്കാനും തീരുമവനിച്ചു. നഗരത്തിലെ കോവിഡ് ബാധിതപ്പെറ്റിയും മറ്റുമുള്ള വിവരങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാക്കാൻ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടും. കൺടെയ്ൻമെൻറ് സോണുകളിൽ വിവാഹങ്ങൾ അഞ്ച് പേർ മാത്രം പങ്കെടുത്ത് നടത്താനാവും. പന്നിയങ്കര സുമംഗലി ഹാളിൽ 300 പേർക്കുള്ള ബെഡുകൾ ഒരുക്കിക്കഴിഞ്ഞു. അലങ്കാർ ഹാളിലും സൗകര്യമൊരുക്കും. വാർഡ് തല കമ്മറ്റികൾക്ക് സാമ്പത്തിക സഹായം ഔദ്യോഗിക തലത്തിലല്ലെങ്കിലും ലഭ്യമാക്കാൻ പ്രവർത്തിക്കും. 18ന് ഞായറാഴ്ച ടാഗോർ ഹാളിലടക്കം നാല് പ്രത്യേക ക്യാമ്പുകളും അതിന് ശേഷം ഓരോ വാർഡിലും പ്രത്യേക ക്യാമ്പുകളും സജ്ജമാക്കും. ഇതോടൊപ്പം മൊബൈൽ പരിശോധന-പ്രതിരോധ കുത്തിവെപ്പ് യൂണിറ്റുകളും സജ്ജമാക്കും. പുറത്തേക്ക് വരാൻ പറ്റാത്തവരെ വീടുകൾക്ക് സമീപത്തെത്തി സഹായം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്ഥിരം സമിതി അംഗങ്ങളായ പി.ദിവാകരൻ, ഡോ.എസ്.ജയശ്രീ, കൃഷ്ണകുമാരി, പി.കെ.നാസർ, സി.രേഖ, കൗൺസിലർമാരായ വരുൺ ഭാസ്ക്കർ, സദാശിവൻ ഒതയമംഗലത്ത്, കെ.സി.ശോഭിത, എം.എൻ.പ്രവീൺ, എം.പി.ഹമീദ്, അഡ്വ.സി.എം.ജംഷീർ, ഇ.എം.സോമൻ, ഡോ.പി.എൻ.അജിത,എം.ബിജുലാൽ,കെ.മൊയ്തീൻ,എസ്.കെ.അബൂബക്കർ,അൽഫോൻസ മാത്യു, നവ്യ ഹരിദാസ്, സി.എസ്.സത്യഭാമ, വി.കെ.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി കെ.യു.ബിനി റിപ്പോർട്ട് അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close