കോഴിക്കോട്:
ക്രിസ്ത്യൻ -മുസ്‌ലിം സമൂഹത്തിൽ ഗുരുതരമായ വിള്ളൽ വീഴ്‌ത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ്
പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പേരിൽ പ്രചരിക്കുന്ന പ്രസംഗമെന്നു കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.
ഇസ്‌ലാമിലെ വിശുദ്ധമായ സാങ്കേതിക ശബ്ദമാണ് ജിഹാദ്.നന്മക്ക് വേണ്ടിയുള്ള കഠിന പരിശ്രമം എന്നാണ് അതിന്റെ അർത്ഥം. നമസ്കാരവും
ദാനധർമ്മവും നോമ്പും ഹജ്ജുമെല്ലാം ജിഹാദിന്റെ ഭാഗമാണ്. എന്നിട്ടും ജിഹാദിനെ അന്യമത വിദ്വേഷവുമായി മാത്രം ചേർത്ത് പ്രചരിപ്പിക്കുന്ന രീതി അപകടമാണ്.
ലവ് ജിഹാദ്, നാർകോട്ടിക് ജിഹാദ്, ഭൂമി ജിഹാദ് എന്നൊക്കെ തോന്നിയത് പോലെ നിർമ്മിച്ചു പ്രചാരണം നടത്തുന്നത് ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന മതപുരോഹിതർക്ക് ചേർന്നതല്ല.
സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷപ്രചാരണം നടത്തുന്ന
സംഘ് മനസ്സുള്ള വിദ്വേഷ മതപ്രചാരകരെ പോലെ വിവേകരഹിതമായി ഉന്നത മതനേതൃത്വം പ്രതിക്കരുത്.
മയക്കുമരുന്നിനെ ജിഹാദുമായി ചേർത്ത് പറയാൻ ആധികാരികമായി എന്തു തെളിവാണ് രൂപതയ്ക്ക് ലഭിച്ചത് എന്നു വ്യക്തമാക്കണം. നാട്ടിൽ അനുദിനം പെരുകുന്ന ലഹരി മാഫിയകളിൽ മതവും നിറവും ആരും തിരയാറില്ല.അവർ പുതുതലമുറയേയും നാടിനേയും നശിപ്പിക്കുന്ന ക്രിമിനലുകളാണ്.
ഇത്തരം വൈറസുകളെ മതവുമായി
ചേർത്ത് വെച്ച് ഉപന്യസിക്കുന്നത് സംന്യാസജീവിതം നായിക്കുന്നവർക്കു ചേർന്നതാണോയെന്നു വിചിന്തനം നടത്തണമെന്നും ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു.
ലവ് ജിഹാദ് വെറും നുണയാണെന്നു ഉന്നത നീതി പീഠങ്ങൾ വരെ തുറന്നു പറഞ്ഞിരിക്കെ നാർകോട്ടിക് ജിഹാദ് ചർച്ചക്ക് വെച്ചു
മതസ്പർധ വിതക്കാനുള്ള ശ്രമം ക്രൈസ്തവ സമൂഹം തിരിച്ചറിയണം. വർഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് വിദ്വേഷ പ്രചാരണത്തിനു പിന്തുണ നല്കുന്നത് നാളിതുവരെ തുടർന്ന് വരുന്ന ക്രൈസ്തവ- മുസ്‌ലിം സൗഹൃദത്തിനു പരിക്കേല്പിക്കുന്നതാണെന്നും
അബ്ദുല്ലകോയ മദനി പറഞ്ഞു.
ഒരു തെളിവുമില്ലാതെ നിരുത്തരവാദപരമായി നടത്തുന്ന പ്രസംഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ നിന്നും പിൻവലിക്കാൻ ബന്ധപെട്ടവർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മതത്തെ അരാജകത്വ ജീവിതത്തിന്റെ പര്യായമായി അവതരിപ്പിക്കാനുള്ള മതവിരുദ്ധരുടെ നീക്കങ്ങൾക്ക്
കുടപിടിക്കുന്ന പാലാ രൂപതയുടെ നീക്കം അത്യന്തം അപകടമാണ്. സൂക്ഷ്മന്യുനപക്ഷം തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അതിന് മതത്തെ അടച്ചാക്ഷേപിക്കുന്നത് ആർക്കും ചേർന്നതല്ലെന്നും കെ എൻ എം പ്രസിഡന്റ് പറഞ്ഞു.
തീവ്രവാദം ഏതു മതത്തിന്റെ മറവിൽ പ്രത്യക്ഷപ്പെടുമ്പോഴും അതിനെ ശക്തമായി എതിർക്കാൻ സമൂഹം ഒറ്റകെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.