കോഴിക്കോട്:
സംസ്ഥാന വന്യ ജീവി ബോർഡ് പുനഃ സംഘടിപ്പിക്കണമെന്ന് കിഫ യോഗം ആവശ്യപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റെടുത്ത് നാലു മാസം കഴിഞ്ഞിട്ടും വന്യ ജീവി ബോർഡ് പുനഃ സംഘടിപ്പിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. വന്യ ജീവി ആക്രമണത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നത് നിത്യ സംഭവമായി മാറിയിട്ടും ഇക്കാര്യത്തിൽ നിർണ്ണായക പങ്ക് വഹിക്കേണ്ട വന്യജീവി ബോർഡ് പുനസംഘടിപ്പിക്കുകയും കൃത്യമായ ഇടവേളകളിൽ മീറ്റിംഗ് നടത്തുകയും ചെയ്യുന്നില്ല എന്നത് ദുരൂഹമാണ്.
2016 ൽ രൂപീകരിച്ച വന്യ ജീവി ബോർഡ് ആകെ മൂന്നു പ്രാവശ്യമാണ് യോഗം ചേർന്നത്. വർഷത്തിൽ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യം യോഗം ചേരണമെന്ന നിബന്ധന 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം നില നിൽക്കെയാണ് കഴിഞ്ഞ ആറു വർഷത്തിനിടെ വെറും മൂന്നു പ്രാവശ്യം മാത്രം യോഗം ചേർന്നത്.
ദേശീയ വന്യ ജീവി ബോർഡ് എല്ലാ മാസവും യോഗം ചേരുന്നുണ്ട്. സംസ്ഥാന വന്യ ജീവി ബോർഡ് ഏറ്റവും അവസാനം യോഗം ചേർന്നത് 2020 ജനുവരി 23 ന് ആയിരുന്നു. ആ യോഗത്തിൽ എടുത്ത തീരുമാനം ആയിരുന്നു കാട്ടുപന്നിയെ വെർമിൻ ആയി പ്രഖ്യാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെടണമെന്നുള്ളത്. എന്നാൽ അക്കാര്യത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തി തീരുമാനമെടുപ്പിക്കാൻ സംസ്ഥാന വനം വകുപ്പിന് ഇനിയും സാധിച്ചിട്ടില്ല.
മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയിൽ വനംമന്ത്രിയും മൂന്ന് MLA മാരുമടക്കം 36 അംഗങ്ങൾ ആണ് ഉള്ളത്. നിലവിൽ ആ 36 പേരിൽ ഒറ്റ കർഷക പ്രതിനിധി പോലുമില്ല എന്നുള്ളത് തികച്ചും പ്രതിഷേധാർഹമാണ്. അതുകൊണ്ടുതന്നെ സംസ്ഥാന വന്യജീവി ബോർഡ് ഉടനടി പുന സംഘടിപ്പിക്കുകയും അതിൽ *രണ്ടു കർഷക പ്രതിനിധികളെ ഉൾപെടുത്തുകയും* ചെയ്യണമെന്ന് കിഫ ആവശ്യപ്പെട്ടു. കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ അധ്യക്ഷനായി.