ഓണ്‍ലൈന്‍ മുഖാന്തരം ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി നിലവില്‍ വന്ന IRCTC (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) ന്റെ സാങ്കേതിക പ്രശ്നമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ചിലര്‍ സാങ്കേതികതയെക്കുറിച്ച് പറയുമ്പോള്‍ മറ്റ് ചിലര്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനും ശ്രമിക്കുന്നുണ്ട്. രണ്ടും പ്രാധാന്യമേറുന്ന വിഷയം തന്നെ. ഡിജിറ്റല്‍ ക്രയവിക്രയത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയും അതിന്റെ ഭാഗമാകുന്നു എന്ന രീതിയിലാണ് റെയില്‍വേ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്. റെയില്‍വേയുടെ നേരിട്ടുള്ള പ്രവര്‍ത്തനത്തിലൂടെ വേഗത്തിലും ലളിതമായും ഇ-ടിക്കറ്റ് ബുക്കിങ് സാധ്യമാകുന്നുവെന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് ആപ്പിനെ പരിചയപ്പെടുത്തിയതെങ്കിലും സംഗതി അത്ര എളുപ്പമല്ലെന്ന് ആപ്പ് ഉപയോഗിച്ചവര്‍ക്ക് അറിയാം. ആപ്പില്‍ കേറി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനേക്കാള്‍ നല്ലത് മണിക്കൂറുകളോളം റിസര്‍വ്വേഷന്‍ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. IRCTC ആപ്പിനെ മുന്‍നിര്‍ത്തി സാമൂഹ്യപ്രവര്‍ത്തക സുധ മേനോന്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
സുധ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘കുറെകാലമായി പറയാന്‍ വിചാരിക്കുന്ന ഒരു പ്രശ്‌നമാണ്. ഈ IRCTC (ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) സത്യത്തില്‍ ആര്‍ക്കു വേണ്ടിയാണ് ഉണ്ടാക്കിയിട്ടിരിക്കുന്നത്? മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാതെ എപ്പോഴെങ്കിലും ആര്‍ക്കെങ്കിലും അതുവഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ടോ? എന്താണ് ഈ വെബ്സൈറ്റില്‍ മാത്രം ഇത്ര സാങ്കേതികപ്രശ്‌നം? മിക്കവാറും ടിക്കറ്റ് ബുക്ക് ചെയ്താല്‍ ടിക്കറ്റ് കിട്ടില്ല, കാശ് ഡെബിറ്റ് ആകും. പിന്നെ അത് ഒരാഴ്ച കഴിഞ്ഞു കിട്ടിയാല്‍ ആയി. അതല്ലെങ്കില്‍ ഒരു പത്തു തവണ രമുരേവമ ശരിയായില്ല എന്ന് കാണിക്കും. പരസ്യങ്ങളുടെ ഉപദ്രവം..ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനത്തിന്റെ, ദിവസവും ലക്ഷക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന, ഈയൊരു വെബ്‌സൈറ്റ് പോലും യൂസര്‍ ഫ്രണ്ട്ലി ആക്കാന്‍ കഴിയാത്തവരാണ് ഡിജിറ്റല്‍ ഇന്ത്യ എന്നൊക്കെ കോമഡി പറയുന്നത്.
ഇക്കാര്യത്തില്‍ നമുക്ക് കൂട്ടായി എന്താണ് ചെയ്യാന്‍ കഴിയുക? നമ്മള്‍ ഇങ്ങനെ സ്ഥിരം പരാതി പറയുക എന്നല്ലാതെ ഒരു പരിഹാരം വേണ്ടേ? ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ഈ വിഷയം ഒന്ന് ഏറ്റെടുക്കാമോ?’
രാജ്യത്തെ റെയില്‍വേ യാത്രികര്‍ക്ക് ഉപകാരപ്രദമാകുമെന്ന രീതിയില്‍ പരിചയപ്പെടുത്തിയ ആപ്പ് തീര്‍ത്തും പരാജയമാണെന്ന് സമ്മതിക്കാതെ വയ്യ. പോസ്റ്റിന് താഴെ വന്ന കമന്റുകളും അവ വ്യക്തമാക്കുന്നു. രാഷ്ട്രീയ ചിന്തകര്‍ക്ക് റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ കുതന്ത്രമായും ഈ വിഷയത്തെ കണക്കാക്കുന്നു. അന്യായമായ ചാര്‍ജ്ജും, ആപ്പിന്റെ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നു. പെട്ടെന്നുള്ള ആവശ്യക്കാരാണ് പ്രധാനമായും ആപ്പ് ഉപയോഗിക്കുന്നത്. ഓപ്പണ്‍ ചെയ്യുമ്പോള്‍ മുതല്‍ വന്നെത്തുന്ന പരസ്യങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല, പോരാത്തതിന് ബുക്കിങ് ആകട്ടെ അവതാളത്തിലുമാകുന്നു. IRCTC വഴിയുള്ള ടിക്കറ്റ് ബുക്കിങ് പലരും ശിക്ഷാവിധി പോലെ കാണുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. നാടോടുമ്പോള്‍ നടുവേ ഓടണമെന്നും പറഞ്ഞ് ഉണ്ടാക്കിയ ആപ്പിപ്പോള്‍ റെയില്‍വേയുടെ തന്നെ നടുവൊടിക്കുന്ന അവസ്ഥയാണ്.