INDIAKERALAPolitics

തിരഞ്ഞെടുപ്പ് ജോലിക്കിടെ മരണം; എക്‌സ്‌ഗ്രേഷ്യ സഹായം അനുവദിച്ച് മന്ത്രിസഭായോഗം

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പു ജോലികള്‍ നിര്‍വ്വഹിക്കുന്നതിനിടെ മരണം, സ്ഥിരമായ അംഗവൈകല്യം എന്നിവ സംഭവിക്കുന്നവര്‍ക്കു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ച രീതിയില്‍ എക്‌സ്‌ഗ്രേഷ്യ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2015 ല്‍ നടന്ന തിരഞ്ഞെടുപ്പ് കാലം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ സഹായം അനുവദിക്കും. തിരഞ്ഞെടുപ്പ്

ജോലിക്കിടെ സംഭവിക്കുന്ന സാധാരണ മരണം – 10 ലക്ഷം രൂപ

ഭീകരാക്രമണം, ബോംബ് സ്‌ഫോടനം എന്നിവ മൂലമുള്ള മരണം – 20 ലക്ഷം രൂപ

കൈകാലുകള്‍ നഷ്ടപ്പെടുക, കാഴ്ച ശക്തി നഷ്ടപ്പെടുക എന്നിങ്ങനെയുള്ള സ്ഥായിയായ അംഗവൈകല്യം – 5 ലക്ഷം രൂപ. (ഭീകരാക്രമണം മൂലമോ മറ്റ് അപകടങ്ങള്‍ മൂലമോ ആണെങ്കില്‍ ഇരട്ടിത്തുക 10 ലക്ഷം രൂപ).
എന്നിങ്ങനെയാണ് അനുവദിച്ച തുകകള്‍.

അതേസമയം ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മിഷന്റെ കാലാവധി 2022 ജനുവരി 1 മുതല്‍ ആറുമാസത്തേയ്ക്കു ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. പൊലീസ് വകുപ്പിന്റെ പര്‍ച്ചേസുകള്‍ക്കും സേവനങ്ങള്‍ സ്വീകരിക്കുന്ന കരാറുകള്‍ക്കും പ്രത്യേക മാനദണ്ഡങ്ങളും ചട്ടങ്ങളും രൂപീകരിക്കേണ്ട വിഷയം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയമിച്ച കമ്മിഷനാണിത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പാനലില്‍ ഉള്‍പ്പെടുത്തും

1997 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ഷര്‍മിളാ മേരി ജോസഫ്, ടിങ്കു ബിസ്വാള്‍, രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, കെ.എസ്.ശ്രീനിവാസ് എന്നിവരെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേയ്ക്കു സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള പാനലില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

തസ്തികകള്‍

സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പഴ്‌സന്റെ ഓഫിസിന് അനുവദിച്ച 8 തസ്തികകള്‍ക്കു മുന്‍കാല പ്രാബല്യം അനുവദിക്കാന്‍ തീരുമാനിച്ചു. 6 ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

ഔഷധി ജനറല്‍ വര്‍ക്കര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2018 ജനുവരി ഏഴുമുതല്‍ പ്രാബല്യത്തില്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close