INDIAMOVIES

കത്രീന-വിക്കി വിവാഹം ഇന്ന്; ഹോളിവുഡിനെ അനുകരിക്കുന്ന സംപ്രേഷണം ഏറ്റെടുത്ത് ആമസോണ്‍ പ്രൈം

 

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരങ്ങള്‍ക്ക് വിവാഹ വേദിയാകുന്നത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച വിവാഹചടങ്ങുകളിലേക്ക് തിരഞ്ഞെടുത്ത് അതിഥികള്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്.

താരവിവാഹത്തിന്റെ വീഡിയോ സംപ്രേഷണാവകാശം 80 കോടി രൂപയ്ക്കാണ് ആമസോണ്‍ കൈക്കലാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഹോളിവുഡുകളില്‍ ഇത്തരത്തില്‍ താരവിവാഹങ്ങളുടെ സംപ്രേഷണാവകാശം ഒ.ടി.ടി. പ്ലാറ്റ്ഫോമുകളാണ് ഏറ്റെടുക്കാറുള്ളത്. ഇന്ത്യയിലും അത്തരമൊരു രീതി കൊണ്ടുവരാന്‍ തുടക്കംകുറിക്കുകയാണ് ആമസോണ്‍ പ്രൈം. 2019-ല്‍ പ്രിയങ്ക ചോപ്ര-നിക്ക് ജൊനാസ് വിവാഹവും ഇത്തരത്തില്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ സംപ്രേഷണം ചെയ്തിരുന്നു. വിവാഹച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുപോവാതിരിക്കാന്‍ കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

അതേസമയം തങ്ങളുടെ സ്വകാര്യത കണക്കിലെടുത്ത് ചടങ്ങിലെത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകള്‍ മുന്‍നിര്‍ത്തി വിക്കി-കത്രീന മുന്നോട്ടു വച്ച ചില നിര്‍ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

വിവാഹത്തിന് പങ്കെടുക്കുന്നവര്‍ക്കായി രഹസ്യ കോഡുകളമാണ് തയ്യാറാക്കിയത്. ഓരോരുത്തര്‍ക്കും ലഭിച്ചിട്ടുള്ള ഈ കോഡ് ഉപയോഗിച്ചായിരിക്കും പ്രവേശന അനുമതി. ബോളിവുഡില്‍ നിന്നുപോലും അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നത്.

അതിഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും ഉണ്ടായിരിക്കില്ല. ഫോട്ടോ എടുക്കാനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവക്കാനോ പാടില്ല. വിവാഹം നടക്കുന്നിടത്തെ ലൊക്കേഷന്‍ ഷെയര്‍ ചെയ്യാനുള്ള അനുമതിയുണ്ടാകില്ല. വിവാഹത്തിന്റെ വീഡിയോയോ റീല്‍സോ ചെയ്യരുത്. വിവാഹത്തിന് എത്തുന്നവര്‍ക്ക് ചടങ്ങുകള്‍ അവസാനിക്കുന്നത് വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത് എന്നിങ്ങനെയായിരുന്നു നിബന്ധനകള്‍.

നിബന്ധനകള്‍ മുന്‍നിര്‍ത്തി പല പ്രമുഖരും പ്രതികരണവുമായി എത്തിയതോടെ സംഭവം ക്ലിക്കാകുയായിരുന്നു.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോര്‍ട്ടാണ്.

ചൊവ്വാഴ്ച മെഹന്ദി ചടങ്ങുകളും ബുധനാഴ്ച രാത്രി സംഗീതവിരുന്നുമുണ്ടായി. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആകെ 120 പേര്‍ക്കുമാത്രമാണ് ക്ഷണമുള്ളതായാണ് റിപ്പോര്‍ട്ട്.

ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, കബീര്‍ ഖാന്‍, രോഹിത് ഷെട്ടി, അലി അബാസ് സഫര്‍, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാനില്‍ ഡിസംബര്‍ 9ന് വിവാഹത്തിന് ശേഷം മുബൈയില്‍ റിസപ്ഷന്‍ ഒരുക്കും എന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. വിവാഹചടങ്ങിലെത്താന്‍ സാധിക്കാത്തവര്‍ക്കായാണ് റിസെപ്ഷന്‍ ഒരുക്കുന്നത്. അതിഥികളുടെ ലിസ്റ്റില്‍ മാധ്യമ പ്രവര്‍ത്തകും ഉള്‍പ്പെടും എന്നാണ് സൂചന.

സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനാവുന്ന കോഫി വിത്ത് കരണ്‍ എന്ന അഭിമുഖ പരിപാടിയില്‍ വിക്കി കൗശലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കത്രീന പങ്കുവെച്ചതോടെയാണ് ഗോസിപ്പുകള്‍ക്ക് തുടക്കം കുറിക്കുന്നത്.

അതേസമയം താരങ്ങള്‍ വിവാഹത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നിരവധി വാര്‍ത്തകളാണ് പുറത്തുവരുന്നത്.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close