KERALAtop news

അരമനകളിലെ വഴിവിട്ട സൗഹൃദങ്ങൾ – ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം :                                                                      *അരമനകളിലെ വഴിവിട്ട സൗഹൃദങ്ങൾ*

ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ അഗതി മന്ദിരം നടത്തിപ്പുകാരനായ അമൽ എന്ന വ്യക്തിയെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തത് 2025 ഒക്ടോബർ 28-ാം തിയതിയാണ്. മർദ്ദനമേറ്റ മനുഷ്യൻ്റെ ശരീരത്തിൽ ഏൽപ്പിക്കപ്പെട്ട മുറിവുകളെപ്പറ്റി എഴുതാൻ പോലും എൻ്റെ മനസ്സനുവദിക്കുന്നില്ല. അത്രയ്ക്കും നീചവും പൈശാചികവുമാണത്.

അറസ്റ്റിലായ ഈ അഗതിമന്ദിരം നടത്തിപ്പുകാരൻ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയുടെയും മറ്റു ചില ബിഷപ്പുമാരുടെയും അടുപ്പക്കാരനും അടുക്കള കാബിനറ്റിലെ അംഗവുമായിരുന്നു. കർദിനാളിൻ്റെ അടുപ്പക്കാരായിരുന്ന മറ്റു ചിലരും വിവിധ തട്ടിപ്പു കേസുകളിൽപ്പെട്ട് അഴിയെണ്ണുന്നുണ്ട്. കർദിനാളുമായുള്ള സൗഹൃദത്തിന് ശേഷമല്ല ഇവരാരും കുറ്റകൃത്യങ്ങൾ ചെയ്ത് തുടങ്ങിയത്. നേരത്തെ തന്നെ സംശയനിഴലിൽ ഉള്ളവരും പൊതു സമൂഹത്തിൽ അനഭിമതരുമായിരുന്നു അവർ !

ഭൂമി കുംഭകോണത്തിന് ശേഷമാണ് കർദിനാളിൻ്റെ അടുത്ത സുഹൃത്തുക്കളായി അവരെത്തിയത്. സീറോ മലബാർ സഭയുടെ ആസ്ഥാനമായ സെൻ്റ് തോമസ് മൗണ്ടിൽ എവിടെയും , സഭാധ്യക്ഷൻ്റെ മുറിയിൽ പോലും അനുമതി തേടാതെ കടന്നു ചെല്ലാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടായിരുന്നു !!
തങ്ങളുടെ തട്ടിപ്പുകൾക്ക് ഒരു മറയായി അവർ കർദിനാളിനെ ഉപയോഗിച്ചു. അതുപോലെ എറണാകുളത്തെ വൈദികരെയും ദൈവജനത്തെയും പീഡിപ്പിക്കുന്നതിനുള്ള ഉപകരണമായി കർദിനാൾ അവരെയും ഉപയോഗിച്ചു.

*തൻ്റെ ദൗത്യവും അതിൻ്റെ മൂല്യവും മറന്ന്* കർദിനാളുണ്ടാക്കിയ കൂട്ടുകെട്ടുകൾ അവസാനം അദ്ദേഹത്തിന് തന്നെ വലിയ വിനയായി മാറി. 16 കേസുകളിൽ പ്രതിയാകേണ്ടി വന്നതിൻ്റെയും സഭാധ്യക്ഷസ്ഥാനം വിട്ടൊഴിയേണ്ടി വന്നതിൻ്റെയും പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം കൂട്ടുകെട്ടുകളായിരുന്നു.

മനുഷ്യരാരും പൂർണ്ണരല്ല. വീഴ്ച തടയാൻ മാത്രം വീതി നമ്മുടെ ആരുടെയും പാദങ്ങൾക്കില്ല. തങ്ങളുടെ അടുത്തു വരുന്നവരുടെ മനസ്സ് വായിക്കാനുള്ള അതീന്ദ്രിയജ്ഞാനമൊന്നും ഒരധികാരിയിൽ നിന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. നമ്മുടെ സ്വാർത്ഥസ്ഥാപിത താൽപര്യങ്ങൾക്ക് വിധേയപ്പെടുന്നവർ അവരുടെ ലാഭത്തിനായി നമ്മളെയും ഉപയോഗിക്കുമെന്ന സാമാന്യബുദ്ധി ഏവർക്കും ഉണ്ടാകേണ്ടതാണ്. മറ്റുള്ളവർക്കും ഇതൊരു പാഠമാകട്ടെ !!

ഫാ. അജി പുതിയാപറമ്പിൽ
30/10/2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close