തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസ് കാലയളവില്‍ നേരിടേണ്ടി വരുന്ന മാനസിക, ശാരീരിക സമ്മര്‍ദ്ദങ്ങള്‍ക്ക് പ്രത്യേക അലവന്‍സ് നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന പോലീസ് മേധാവി. സായുധസേനാവിഭാഗം എ.ഡി.ജി.പി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. പതിനൊന്നാം ശമ്പളകമ്മീഷനിലെ അപാകതകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്റെ പ്രത്യേക പരാമര്‍ശം.
സിവില്‍ പോലീസ് തസ്തിക മുതല്‍ ഇന്‍സ്‌പെക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരെയാണ് പ്രത്യേക ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 600 രൂപമുതല്‍ 1000 രൂപവരെയാണ് ആനുകൂല്യം നല്‍കാനാണ് ശുപാര്‍ശ.
സി.പി.ഒ.യ്ക്ക് 600, സീനിയര്‍ സി.പി.ഒ.യ്ക്ക് 700, എ.എസ്.ഐ.യ്ക്ക് 800, എസ്.ഐ.യ്ക്ക് 900, ഇന്‍സ്‌പെക്ടര്‍ക്ക് 1000 രൂപ എന്നീ നിരക്കിലാണ് ശുപാര്‍ശ. സൈബര്‍ സെല്ലുകളിലും സൈബര്‍ പോലീസ് സ്‌റ്റേഷനുകളിലും മാത്രമായുള്ള ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി.മാര്‍ക്ക് പ്രത്യേക ആനുകൂല്യം നടപ്പാക്കണം.
സ്‌റ്റേഷന്‍ റൈറ്റര്‍മാരുടെ പ്രത്യേക മാസ അലവന്‍സ് പുനഃസ്ഥാപിച്ച് 1000 രൂപയാക്കുക, യൂണിഫോം അലവന്‍സ് 10,000 രൂപയാക്കുക. 33 വര്‍ഷം സേവനം പൂര്‍ത്തിയാക്കുന്ന ഇന്‍സ്‌പെക്ടര്‍ തസ്തികയ്ക്ക് ഡിവൈ.എസ്.പി.മാരുടെ ശമ്പളസ്‌കെയിലിന് തുല്യമായി അഞ്ചാം ഗ്രേഡ് നടപ്പിലാക്കുക. ക്യാമ്പ് ഫോളോവര്‍മാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനം പ്രത്യേക അലവന്‍സ് അനുവദിക്കുക. പൊതുവിഭാഗത്തിലെയും സായുധസേനാ വിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും പോലീസ് ഓര്‍ക്കസ്ട്ര വിഭാഗത്തിനും അനുവദിക്കണമെന്നും ശുപാര്‍ശയില്‍ ഉള്‍പ്പെടുന്നുണ്ട്.