KERALAVIRAL

പദ്മനാഭ സ്വാമി ക്ഷേത്ര വിധി: സര്‍ക്കാരിന് തിരിച്ചടിയാണോ? നുണഫാക്ടറികള്‍ക്കെതിരെ പി രാജീവിന്റെ എഫ് ബി പോസ്റ്റ്‌

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി ഇടുതപക്ഷ സര്‍ക്കാരിന് തിരിച്ചടിയായെന്ന രീതിയില്‍ പ്രചാരം നടക്കുന്നു. നുണ നിര്‍മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ചില വസ്തുകള്‍ ചൂണ്ടിക്കാട്ടി ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് ഫെയ്‌സ് ബുക്കില്‍ എഴുതിയത് വായിക്കാം.

*എന്താണ് പദ്മനാഭ സ്വാമി ക്ഷേത്ര കേസ്?*

പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ശേഖരം രാജകുടുംബം കടത്തിക്കൊണ്ടു പോകുന്നുവെന്ന് പരാതിപ്പെട്ട് സുന്ദരരാജന്‍ എന്ന മുന്‍ കജട ഉദ്യോഗസ്ഥനായ ഭക്തന്‍ ഹൈക്കോടതിയെ സമീപിക്കുന്നു. നിലവറകളിലെ നിധിശേഖരം തിട്ടപ്പെടുത്തണമെന്നും, ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

*സുന്ദരരാജന്‍ ഇടതുപക്ഷക്കാരനാണോ?*

ഒരിക്കലുമായിരുന്നില്ല. ഒരു കറതീര്‍ന്ന ഭക്തനായിരുന്നു അദ്ദേഹം. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന സുന്ദര്‍രാജന്‍ ഇന്റലിജന്‍സ് ബ്യൂറോയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ബി സംഘത്തിലെ ഇന്ദിരാ ഗാന്ധിക്ക് ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സുന്ദരരാജന്‍. സുന്ദരരാജിന്റെ അച്ഛന്‍ ടി.കെ. പദ്മനാഭ അയ്യര്‍ക്ക് പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് കൊണ്ടുപോകാന്‍ വേണ്ടി ജോലി രാജിവെച്ച് നാട്ടിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. പിന്നീട് സുന്ദര രാജന്‍ സുപ്രീം കോടതിയില്‍ അഭിഭാഷകനായി. പിന്നീട് പ്രാക്ടീസ് നിര്‍ത്തി പൂര്‍ണസമയവും ഭക്തിയുടെ വഴിയിലായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണം മോഷണം പോകുന്നുണ്ടെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സുന്ദരരാജന്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

*എന്തായിരുന്നു ഹൈക്കോടതിയിലെ കേസ്?*

തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമ വര്‍മ്മ നാട് നീങ്ങിയപ്പോള്‍ പദ്മനാഭ സ്വാമി ക്ഷേത്രഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാതെ മഹാരാജാവിന്റെ സഹോദരനായ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മയെ ക്ഷേത്ര ഭരണം ഏല്‍പ്പിച്ചത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷണം പോകുന്നുണ്ട് എന്നും ആരോപിച്ചാണ് സുന്ദരരാജന്‍ ഹര്‍ജി നല്‍കിയത്. ഗുരുവായൂര്‍ മാതൃകയില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണം, ക്ഷേത്രം സംരക്ഷിത സ്മാരകം ആക്കാന്‍ കേന്ദ്ര പുരാവസ്തു വകുപ്പിന് നിര്‍ദേശം നല്‍കണം എന്നിങ്ങനെ ആയിരുന്നു സുന്ദരരാജന്റെ ആവശ്യങ്ങള്‍.

*സംസ്ഥാന സര്‍ക്കാരിന്റെ റോള്‍ എന്ത്?*

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് നിയമവിരുദ്ധമാണെന്ന് സുന്ദരരാജന്‍ ആരോപിച്ചു. തുടര്‍ന്ന് ക്ഷേത്രം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി.

*എന്തായിരുന്നു അന്നത്തെ ഇടതു സര്‍ക്കാരിന്റെ നിലപാട്?*

ക്ഷേത്രഭരണം നിലവില്‍ നല്ല നിലയില്‍ നടക്കുന്നതിനാല്‍ ക്ഷേത്ര ഭരണത്തില്‍ ഇടെപെടേണ്ടതില്ല എന്നാണ് അന്ന് ഭരണത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

*സര്‍ക്കാര്‍ നിലപാടിന്മേല്‍ കോടതിയുടെ നിരീക്ഷണം എന്തായിരുന്നു?*

സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിയമപരമോ നീതിയുക്തമോ അല്ലെന്ന് കോടതി വിമര്‍ശിച്ചു. ഭരണഘടനയിലെ 26ആം വകുപ്പിന്റെ ഭേദഗതിയിലൂടെ നാട്ടുരാജാക്കന്മാര്‍ക്കുള്ള പ്രിവിപേഴ്‌സും മറ്റ് ആനുകൂല്യങ്ങളും നിര്‍ത്തിയിട്ടുണ്ട്. അവസാനത്തെ രാജാവായ ചിത്തിര തിരുനാള്‍ നാട് നീങ്ങിയതോടെ ക്ഷേത്രത്തിന്റെ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാവും എന്നാണ് തിരുവിതാംകൂര്‍ മതധര്‍മ്മ സ്ഥാപന നിയമം വ്യവസ്ഥ ചെയ്യുന്നത്. ഭരണഘടനയുടെ 366ആം അനുച്ഛേദ പ്രകാരം ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ കാലശേഷം രാജാവ് എന്ന പദവിയുടെ അര്‍ഹത സര്‍ക്കാരിനാണ് എന്നും കോടതി നിരീക്ഷിച്ചു.

*ഹൈക്കോടതിയുടെ മറ്റു നിരീക്ഷണങ്ങള്‍ എന്തെല്ലാം?*

പൊതുജനങ്ങളില്‍ നിന്നുള്ള പണം ക്ഷേത്രമുള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളില്‍ സ്വീകരിക്കപ്പെടുമ്പോള്‍ അതിന്റെ കണക്ക് പൊതുജനങ്ങളെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഈ പണം വ്യക്തിപരമായ നേട്ടങ്ങക്കായി വിനിയോഗിക്കപ്പെടരുത്. ഈ പണം സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ദൈവത്തിന്റെ പേരില്‍ കച്ചവടത്തിന് അനുമതി നല്‍കുന്നതിന് സമാനമാണ്.

*എന്തായിരുന്നു രാജകുടുംബത്തിന്റെ വാദം?*

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്. ഇവിടെ സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ ഇടപെടാന്‍ കഴിയില്ല.

*കോടതി നിരീക്ഷണം*

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രം അല്ലെന്ന് കോടതി വ്യക്തമാക്കി. അവസാന മഹാരാജാവിന്റെ കാലശേഷം സര്‍ക്കാരിന്റെ അനുമതിയോടെ ക്ഷേത്രഭരണം തുടര്‍ന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ക്ഷേത്രത്തിന്റെ സ്വത്തിന്റെയും അമൂല്യനിധിയുടെയും ചിത്രമെടുത്തത് ഭക്തരുടെ എതിര്‍പ്പിന് കാരണമായി. ക്ഷേത്രത്തിന്റെ സ്വത്ത് രാജകുടുംബത്തിന്റേതാണെന്ന് പത്രപരസ്യവും നല്‍കി.

*ഹൈക്കോടതി വിധി എന്തായിരുന്നു?*

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം നിയമാനുസൃത ട്രസ്‌റ്റോ ഭരണ സമിതിയോ ഉണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തിനകം ഏറ്റെടുക്കണം എന്ന് 2011 ജനുവരി 31ന് ഹൈക്കോടതി വിധിച്ചു. 3 മാസത്തിനകം ഏറ്റെടുക്കണം എന്ന കര്‍ശന ഉത്തരവാണ് ഹൈക്കോടതി വിധിച്ചത്. അവസാന രാജാവായ ചിത്തിര തിരുനാളിന് ശേഷം ക്ഷേത്രത്തിന്റെ അവകാശം അനന്തരാവകാശികള്‍ക്ക് കിട്ടില്ല. അവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ട്രസ്റ്റുണ്ടാക്കി ക്ഷേത്രം ഏറ്റെടുക്കും വരെ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ കലവറ തുറക്കുകയോ അതിനുള്ളിലെ വസ്തുക്കള്‍ എടുത്തുമാറ്റുകയോ ചെയ്യരുത് എന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിത്യപൂജക്കും ആചാരാനുഷ്ടാനങ്ങള്‍ക്കും ആവശ്യമായവ എടുക്കാവുന്നതാണ്. ഉത്രാടം തിരുനാളിനും അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്കും ക്ഷേത്രത്തിലെ ആറാട്ട് തുടങ്ങിയ ആചാരാനുഷ്ടാനങ്ങളില്‍ പദ്മനാഭ ദാസനെന്ന നിലയില്‍ പങ്കെടുക്കാം എന്നും കോടതി വ്യക്തമാക്കി.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാതൃകയില്‍ സമിതിയോ ട്രസ്‌റ്റോ ഉണ്ടാക്കാം. സര്‍ക്കാര്‍ നിയോഗിക്കുന്ന സത്യസന്ധരായ വ്യക്തികളുടെ സമിതി കല്ലറ തുറന്ന് അമൂല്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കണം. രാജകുടുംബത്തിന്റെയോ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ ആവണം ഇത്. ഇവ ക്ഷേത്ര പരിസരത്ത് മ്യൂസിയം ഉണ്ടാക്കി അതില്‍ പ്രദര്‍ശനത്തിന് വെക്കണം. വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളതിനാല്‍ സുരക്ഷ പോലീസിനെ ഏല്‍പ്പിക്കുകയോ പോലീസിന്റെ സഹായം ഉറപ്പുവരുത്തുകയോ ചെയ്യണം.

*ഹൈക്കോടതി വിധിയെത്തുടര്‍ന്ന് എന്ത് നടന്നു?*

27 4 2011ന് ഹൈക്കോടതി വിധിക്ക് എതിരെ മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നു. തുടര്‍ന്ന് കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്നു. ഒപ്പം ചില നിര്‍ദേശങ്ങളും പുറപ്പെടുവിക്കുന്നു

*എന്തൊക്കെ ആയിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍?*

നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തുക. വിവരം കോടതിക്ക് നല്‍കുക. ക്ഷേത്ര സുരക്ഷയ്ക്ക് കൂടുതല്‍ പോലീസ് സംവിധാനം ഏര്‍പ്പാടുക്കുക.

*സുപ്രീകോടതിയില്‍ പിന്നീട് എന്ത് നടന്നു?*

ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയും ബി നിലവറ തുറക്കേണ്ടതില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. മുന്‍പ് ഉണ്ടായിരുന്ന നിരീക്ഷണ സമിതിയെ ഒഴിവാക്കി 5 അംഗ വിദ്ഗദ സമിതി ഉണ്ടാക്കി. ഈ സമിതിക്ക് മുകളില്‍ ഒരു മൂന്ന് അംഗ മേല്‍നോട്ട സമിതിയും ഉണ്ടാക്കി. കേസില്‍ കോടതിയെ സഹായിക്കാന്‍ പ്രശസ്ത അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറി ആയി നിയമിച്ചു. സുപ്രീംകോടതിയെ സമീപിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ മരിച്ചതിനെ തുടര്‍ന്ന് മൂലം തിരുനാള്‍ രാമവര്‍മ്മ കക്ഷിയായി ചേരുന്നു. സുപ്രധാനവും സമ്പന്നവുമായ ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ ശരിയായ വിധത്തില്‍ അല്ല രാജകുടുംബം പരിപാലിച്ചിരുന്നത് എന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ 5 അംഗ ഭരണ സമിതി സുപ്രീംകോടതി രൂപീകരിച്ചു. തന്ത്രി, മുഖ്യ നമ്പി, ജില്ലാ ജഡ്ജി ശുപാര്‍ശ ചെയ്യുന്ന രണ്ട് അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സമിതി( ഈ സമിതിയാണ് ഇപ്പോഴും ക്ഷേത്രഭരണം നിര്‍വഹിക്കുന്നത്). ക്ഷേത്ര സ്വത്തുക്കളുടെയും മറ്റും ഓഡിറ്റിന് മുന്‍ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി. ഓഡിറ്റില്‍ ലക്ഷക്കണക്കിന് കോടിരൂപയുടെ സ്വത്ത് വിലയിരുത്തുന്നു. രാജകുടുംബത്തിന്റെ അധീനതയില്‍ ആയിരുന്ന കാലത്തെ ഗുരുതരമായ ക്രമക്കേടുകളും വിനോദ് റായിയുടെ റിപ്പോര്‍ട്ടിലുണ്ട്.

*സംസ്ഥാന സര്‍ക്കാര്‍ എന്നെങ്കിലും ക്ഷേത്ര ഭരണം ഏറ്റെടുത്തിരുന്നോ?*

ഏറ്റെടുത്തിരുന്നില്ല. കോടതി നിര്‍ദ്ദേശപ്രകാരമുള്ള സമിതി തന്നെയാണ് ഭരണം നടത്തിയിരുന്നത്. ഈ കേസ് സുപ്രീംകോടതിയില്‍ നടക്കുമ്പോള്‍ രാജകുടുംബത്തെ കൂടി ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സമിതിയോ ബോര്‍ഡോ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ദൈനംദിന ഭരണം കൈകാര്യം ചെയ്യണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്.

*ഇന്നത്തെ സുപ്രീംകോടതി വിധി എന്ത്?*

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരും എന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറയുന്നത്. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങുന്ന പുതിയ ഭരണസമിതിയെ ക്ഷേത്ര ഭരണം ഏല്‍പ്പിക്കണം എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ നിലവിലുള്ള ഭരണ സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിക്കുന്നു.

*വിധി രാജകുടുംബത്തിന് അനുകൂലമാണോ?*

അനുകൂലമാണോ എന്ന് ചോദിച്ചാല്‍ അനുകൂലമാണെന്ന പ്രചാരണം വരുമ്പോഴും യഥാര്‍ത്ഥത്തില്‍ ക്ഷേത്രഭരണം രാജകുടുംബത്തിന്റെ സ്വകാര്യ ഭരണത്തിലായിരുന്ന സ്ഥിതി പൂര്‍ണമായും ഇല്ലാതായി. ഭരണസമിതിയില്‍ അംഗത്വം കിട്ടിയത് മാത്രമാണ് രാജകുടുംബത്തിന് ആശ്വസിക്കാന്‍ വക നല്‍കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും രാജകുടുബത്തിനും ഭരണസമിതിയില്‍ അംഗത്വം നല്‍കണം എന്ന നിലപാടില്‍ തന്നെ ആയിരുന്നു.

*വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണോ?*

സംസ്ഥാന സര്‍ക്കാരിന് ഈ കേസില്‍ ഒരു തിരിച്ചടിയും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. സംസ്ഥാന സര്‍ക്കാര്‍ പദ്മനാഭ സ്വാമി ക്ഷേത്രം ഏറ്റെടുത്തു ഒരു ഉത്തരവോ തീരുമാനമോ ഇതേവരെ കൈക്കൊണ്ടിരുന്നില്ല. ക്ഷേത്ര ഭരണം നല്‍കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുമില്ല. ഭക്തരുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന് ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാരിനും എല്‍ഡിഎഫിനും ഏറ്റ തിരിച്ചടിയാണ് ഇപ്പോഴത്തെ വിധി എന്ന് പറയുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണ്.

*സംസ്ഥാന സര്‍ക്കാരും രാജകുടുംബവും തമ്മില്‍ തര്‍ക്കമുണ്ടോ?*

പിണറായി സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് യാതൊരുവിധ തര്‍ക്കങ്ങളും നിലവിലില്ല.

*സുപ്രീംകോടതി വിധിയെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്‌തോ?*

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. സുപ്രീംകോടതി വിധി എന്തുതന്നെ ആയാലും നടപ്പിലാക്കുക തന്നെ ചെയ്യും എന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി സമാനമായ കേസുകളില്‍ നടത്തിയ വിധികളോടെല്ലാം ഇതേ നിലപാട് തന്നെയാണ് സംസ്ഥ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു പരാമര്‍ശവും ഈ വിധിയില്‍ നടത്തിയിട്ടില്ല. പുതിയ ഭരണ സമിതിയെ തീരുമാനിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ ആവും. സംസ്ഥാന സര്‍ക്കാരും രാജകുടുംബവും ഒത്തുചേര്‍ന്ന് നല്ലരീതിയില്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണം മുന്നോട്ട് കൊണ്ടുപോകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close