KERALAlocal

വെള്ളയില്‍ മാലിന്യ പ്ലാന്റ് ; ജനകീയ സമരം ശക്തം, പദ്ധതി നിര്‍ത്തി വെച്ച് മേയര്‍

കോഴിക്കോട്: വെള്ളയില്‍ മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. ആവിക്കല്‍ മലിന ജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ മാത്രമേ പ്ലാന്റ് നിര്‍മ്മാണം മുന്നോട്ട് കൊണ്ട് പോവുകയുള്ളൂവെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് വ്യക്തമാക്കി.

വിഷയത്തെ മുന്‍നിര്‍ത്തി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ സമരസമിതി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും പ്രത്യേക യോഗം ചേരുകയായിരുന്നു. രണ്ടര മണിക്കൂറുകളോളം നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് പദ്ധതി നീട്ടി വയ്ക്കാന്‍ തീരുമാനമായത്.

പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ മറ്റ് പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും ജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നുമാണ് കോര്‍പ്പറേഷന്റെ വിശദീകരണം. തീരമേഖലയിലുള്ള 98,000 പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും കോര്‍പ്പറേഷന്‍ എന്‍ജിനിയറിങ് വിഭാഗം പറയുന്നു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പദ്ധതി വേണ്ടെന്നും പ്ലാന്റ് വെള്ളയിയില്‍നിന്ന് മറ്റു അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പ്രദേശവാസികളോട് ചര്‍ച്ച നടത്താതെയാണ് മലിനജല സംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നതെന്നാണ് പ്രധാന ആരോപണം. വെള്ളയില്‍ സ്വീവേജ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി സമരസമിതി രൂപീകരിക്കുകയും വന്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തീരദേശവാസികള്‍ പ്രതിഷേധവുമായി എത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും സംഭവത്തിനെതിരെ തീരദേശത്തു ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കോര്‍പറേഷന്റെ 62, 66, 67 വാര്‍ഡ് പരിധികളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ ആരംഭിച്ച ഹര്‍ത്താലില്‍ വാഹനങ്ങള്‍ കടത്തിവിടാതെ തീരദേശവാസികള്‍ തമ്പടിച്ചത് കൂടുതല്‍ ഗതാഗതകുരുക്കിന് കാരണമായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ സ്ഥലത്ത് വിന്യസിപ്പിക്കുകയും ചെയ്തു. പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായത്.

അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ബീച്ചിലെ വെള്ളയില്‍ ആവിക്കലില്‍ മലിനജലസംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. സെപ്റ്റിക് ടാങ്കിലെ മാലിന്യം ശേഖരിച്ച് ശുദ്ധമായ വെള്ളവും ഒപ്പം വളവുമാക്കി മാറ്റി സംസ്‌കരിച്ച വെള്ളം തോട്ടിലേക്ക് ഒഴുക്കിക്കളയുന്ന പദ്ധതിയാണ് മലിന ജല സംസ്‌കരണത്തിനൊപ്പം വിഭാവനം ചെയ്തത്. നഗരത്തില്‍ ഏഴെണ്ണം ഇത്തരത്തില്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനുള്ള സ്ഥലം കണ്ടെത്താനായി കേരള വാട്ടര്‍ അതോറിറ്റിയുമായി ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.

 

 

 

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close