KERALAlocal

പാട്ട് പാടിയും, കൂട്ട് കൂടിയും ശാരീരിക അവശതകള്‍ മറന്ന് അവര്‍ ഒത്തുകൂടി

 

കോഴിക്കോട്: പാട്ടുപാടിയും കൂട്ടു കൂടിയും സന്തോഷം പങ്കുവെച്ചും അവർ ഒരിക്കൽ കൂടി ഒത്തുചേർന്നു. ശാരീരിക അവശതകൾ കാരണം വീടുകളുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടി വന്ന ഇവർക്കെല്ലാം കൂട്ടായ്മ പകർന്നത് അവിസ്മരണീയമായ അനുഭവം. ഭിന്നശേഷിക്കാരുടെ സ്വതന്ത്ര കൂട്ടായ്മയായ ഏയ്ഞ്ചൽ സ്റ്റാറിന്റെ ഒൻപതാം വാർഷികം ‘ ചങ്ങാത്തപ്പന്തൽ’ ചേമഞ്ചേരിയിലെ അഭയം സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ നടന്നു. കോവി ഡ് പ്രതിസന്ധി കാരണം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അഭയം സ്പെഷ്യൽ സ്കൂളുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ ചലച്ചിത്ര നടൻ നവാസ് വള്ളിക്കുന്ന്, ജാനു താമാശ ഫെയിം ലിധി ലാൽ തുടങ്ങിയവർ അതിഥികളായെത്തി. ഏയ്ഞ്ചൽ സ്റ്റാർസ് പ്രസിഡന്റ് പ്രഭാകരൻ, സെക്രട്ടറി സാബിറ, ചലച്ചിത്ര സംവിധായകനും നടനുമായ നൗഷാദ് ഇബ്രാഹിം, മധുലാൽ കൊയിലാണ്ടി, ഷൈജു പേരാമ്പ്ര, അശോകൻ കോട്ട്, ബിനേഷ് ചേമഞ്ചേരി, സത്യനാഥൻ മാടഞ്ചേരി, പ്രകാശൻ, കോയ, മിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

ജീവിതം കട്ടിലിലും വീൽ ചെയറിലുമായി ഒതുങ്ങേണ്ടിവന്നവർക്കായി ആരംഭിച്ചതാണ് ഏയ്ഞ്ചൽ സ്റ്റാർ. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ചേമഞ്ചേരി സ്വദേശിനി സാബിറ കെ പാറക്കലും അപകടത്തിൽ പരിക്കേറ്റ് ജീവിതം വീൽ ചെയറിലായ പ്രഭാകരൻ എളാട്ടേരിയും ചേർന്ന് 2013 ഫെബ്രുവരിയിലാണ് സംഘടന ആരംഭിച്ചത്. തങ്ങളെപ്പോലെ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയിലെയും മറ്റു ജില്ലകളിലെയും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുടെ ആശ്വാസകേന്ദ്രമാണ്.

വർഷത്തിൽ രണ്ടു തവണ ഏയ്ഞ്ചൽ സ്റ്റാർ ഭിന്നശേഷിക്കാരുടെ കലാപരിപാടികളും കിടപ്പിലായവരുടെ ഒത്തുചേരലുകളും സംഘടിപ്പിക്കാറുണ്ട്.
കോവിഡ് കാലത്ത് കൂട്ടായ്മയിലുള്ളവർക്ക് സംഘടനയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണവും മെഡിക്കൽ സഹായവും ഉൾപ്പെടെ ലഭ്യമാക്കിയിരുന്നു. .

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close