KERALAlocaltop news

കോഴിക്കോട് വീണ്ടും ലഹരി വേട്ട

 

പന്നിയങ്കര: കോഴിക്കോട് ഹോട്ടലുകളിൽ റൂമെടുത്ത് മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടന്നുവരുന്നുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പോലീസും നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിൽ പെട്ട എംഡിഎംഎ പിടിച്ചെടുത്തത്.
ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ രക്ഷപ്പെടാൻ കഴിയാത്തവിധം ലഹരിക്ക് അടിമപ്പെടുന്നതാണ് സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രത്യേകത. തലച്ചോറിലെ കോശങ്ങൾ വരെ നശിപ്പിക്കാൻ ശേഷിയുള്ള സിന്തറ്റിക് ഡ്രഗ്ഗുകളാണ് ദിനംപ്രതി ലഹരി വിപണിയിൽ വിവിധ പേരുകളിലായി പ്രത്യക്ഷപ്പെടുന്നത്. പ്രധാനമായും പെൺകുട്ടികളെയും യുവതലമുറയെയും ലക്ഷ്യംവെച്ചാണ് ലഹരി മാഫിയ ഇത്തരം മയക്കുമരുന്ന് ചെറുകിട വിതരണക്കാരിലൂടെ സമൂഹത്തിന്റെ നാനാതുറകളിലെത്തിക്കുന്നത്. ഏതുവിധത്തിലും ഉപയോഗിക്കാമെന്നതാണ് എംഡിഎംഎ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ കാരണം. പന്ത്രണ്ടുമണിക്കൂർ മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ ഇതിന്റെ ലഹരി നീണ്ടുനിൽക്കും.
ഗോവയിൽ നിന്നും കർണാടകയിൽ നിന്നുമാണ് സിന്തറ്റിക് ഡ്രഗ്ഗുകൾ യുവതലമുറയെ തകർക്കാൻ അതിർത്തികടന്നെത്തുന്നത്. മുമ്പ് ഗ്രാമിന് രണ്ടായിരം രൂപ യായിരുന്നത് എംഡിഎംഎ ഉപയോഗം വ്യാപകമാക്കുന്നതിനായി ലഹരി മാഫിയ ഇപ്പോൾ ഗ്രാമിന് ആയിരം രൂപയ്ക്കാണ് വിൽപന നടത്തുന്നത്.
പന്നിയങ്കരയിലെ ഹോട്ടൽ മുറിയിൽ നിന്നും രണ്ടു യുവാക്കളെ പോലീസ് എംഡിഎംഎ യുമായി പിടികൂടി. .210മിഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മാത്തോട്ടം സ്വദേശിയായ സജാദ് 24വയസ്സ്, നടുവട്ടം എൻ.പി വീട്ടിൽ മെഹറൂഫ് 29വയസ്സ് എന്നിവരാണ് പന്നിയങ്കരയിലെ ഹോട്ടൽ മുറിയിൽ നിന്നും പിടിയിലായത്.ഡൻസാഫ് അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ഇ.മനോജ്, പന്നിയങ്കര സബ്ബ് ഇൻസ്പെക്ടർ മുരളിധരൻ, സബ്ബ് ഇൻസ്പെക്ടർ ശശീന്ദ്രൻ നായർ, സീനിയർ സിപിഒ പി. ജിനീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Close