KERALAlocaltop news

കക്കാട് ജി.എൽ.പി സ്‌കൂളിന്റെ വികസനത്തിനാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുക്കണം

മുക്കം: കക്കാട് ജി.എൽ.പി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ ഭൂമി അക്വയർചെയ്ത് സർക്കാർ ഏറ്റെടുക്കണമെന്ന് വികസന സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിൽ ചേർന്ന നാട്ടുകാരുടെ യോഗം ആവശ്യപ്പെട്ടു.
സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും യു.പി സ്‌കൂളായി ഉയർത്തുന്നതിനും സ്‌കൂളിനോട് ചേർന്നുള്ള ഈ ഭൂമി അനിവാര്യമാണെന്നും ഇത് സ്വകാര്യ വ്യക്തിക്ക് വിറ്റ നടപടി റദ്ദാക്കാനാവശ്യമായ അടിയന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും യോഗം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു.
സ്‌കൂളിലെ കുട്ടികൾക്ക് കളിസ്ഥലം ഇല്ലാത്തതിനു പുറമെ പുതിയ ക്ലാസ് റൂം നിർമാണത്തിനും യു.പി സ്‌കൂളായി ഉയർത്താനും പുതിയ സ്ഥലം വളരെ അത്യാവശ്യമാണ്. 300-ഓളം കുട്ടികൾ പഠിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ വളർച്ചക്കു വിലങ്ങുവയ്ക്കുന്ന സ്വകാര്യ ഭൂ ഉടമയുടെ നടപടിക്കെതിരെ അക്വിസിഷൻ നടപടിയുമായി പഞ്ചായത്ത് മുന്നോട്ടുപോകണം.
കൂലിപ്പണിയും ദരിദ്രപശ്ചാത്തലവുമുള്ള വലിയൊരു വിഭാഗം ഗ്രാമീണജനതയുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. അവരെ സമൂഹത്തോടൊപ്പം ഉയർത്തിക്കൊണ്ടുവരാൻ ആവശ്യമായ പശ്ചാത്തല സൗകര്യം ഇല്ലാത്തത് ഈ നാടിന്റെ തീരാ വേദനയും സങ്കടവുമാണ്. ഈ സാഹചര്യത്തിൽ സ്‌കൂളിനോട് ചേർന്നുകിടക്കുന്ന കരിമ്പാറക്കെട്ട് മാത്രമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം മാന്യമായ വില നൽകി കാരശ്ശേരി പഞ്ചായത്ത് ഭരണസമിതിയും കക്കാട് സ്‌കൂൾ വികസന സമിതിയും ഏറ്റെടുക്കാൻ തയ്യാറാണ്. എന്നാൽ നാട്ടിലെ ഒരേയൊരു സർക്കാർ സ്ഥാപനമായ കക്കാട് ഗവ. എൽ.പി സ്‌കൂളിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുകയാണ് ഉടമസ്ഥൻ. സ്ഥലം സ്‌കൂളിന് വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഒരു ചർച്ചയ്ക്കു പോലും അവസരം നൽകാതെ കച്ചവടക്കണ്ണോടെ നാട്ടുകാരുടെ ചിരകാല അഭിലാഷത്തിന് പോറലേൽപ്പിക്കുന്ന സമീപനമാണുണ്ടായത്. ഈ സ്ഥലം ലഭിക്കാത്തപക്ഷം നാട്ടിൽ സ്‌കൂളിനായി മറ്റൊരു ഭൂമി കണ്ടെത്തുക സാധ്യമല്ല. ആയതിനാൽ സ്വകാര്യവ്യക്തിയുടെ കച്ചവടം റദ്ദാക്കാനും പ്രസ്തുത സ്ഥലം സർക്കാർ ഏറ്റെടുത്ത് ഗവ. എൽ.പി സ്‌കൂളിന്റെ വികസനത്തിന് അനുകൂലമായ നടപടി സ്വീകരിക്കണമെന്നും ഇതിനാവശ്യമായ അക്വിസിഷൻ നടപടികൾക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്ത് അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നും യോഗം ഐകകണ്‌ഠേന ആവശ്യപ്പെട്ടു. സ്ഥലം നേടിയെടുക്കുംവരെ ശക്തമായ ബോധവൽക്കരണ – പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യോഗം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എടത്തിൽ ആമിന ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് കെ.സി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ജാനിസ് ടീച്ചർ, എസ്.എം.സി ചെയർമാൻ കെ.സി റിയാസ്, മുൻ വാർഡ് മെമ്പർ ജി അബ്ദുൽ അക്ബർ, വികസന സമിതി സാരഥി തോട്ടത്തിൽ ഉമർ, മുൻ പി.ടി.എ ഭാരവാഹികളായ എടക്കണ്ടി അഹമ്മദ്കുട്ടി, മഞ്ചറ അബ്ദുറഷിദ്, ഷുക്കൂർ മുട്ടാത്ത്, ശിഹാബ് പുന്നമണ്ണ്, കെ.പി.ആർ സ്മാരക വായനശാല ജനറൽസെക്രട്ടറി മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡന്റുമാരായ മുനീർ പാറമ്മൽ, നൗഷാദ് ബാപ്പു എടത്തിൽ, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, ഫിറോസ് മാസ്റ്റർ, മുഹമ്മദ് കക്കാട്, കെ.പി അസയിൻ, പാറക്കൽ അബ്ദുറഹിമാൻ, കെ.പി ഷൗക്കത്ത്, എം അബ്ദുൽഗഫൂർ, സലാം കോടിച്ചലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close