KERALAlocaltop news

വിവാഹ വാഗ്ദാനം നൽകി ആലപ്പുഴയിലെ യുവതിയിൽ നിന്ന് 10 ലക്ഷം തട്ടിയ നൈജീരിയക്കാരൻ അറസ്റ്റിൽ

പരിചയപ്പെട്ടത് ചാറ്റിങ്ങ് ആപ്പിലൂടെ

ആലപ്പുഴ :  ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി 10 ലക്ഷം രൂപയോളം തട്ടിപ്പു നടത്തിയ പ്രതിയെ, പ്രത്യേകം നിർദ്ദേശ്ശിച്ച് തയ്യാറാക്കിയ ആലപ്പുഴ സൈബർ ക്രൈം ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് ടീം അതിസാഹസികമായി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റു ചെയ്തു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഫ്ലാറ്റിൽ താമസിച്ചുകൊണ്ടാണ് നൈജീരിയൻ പൌരനായ പ്രതി ഈ കുറ്റകൃത്യം ചെയ്തുവന്നിരുന്നത്.
ആലപ്പുഴ സ്വദേശിയായ യുവതി ഡേറ്റിംഗ് ആപ്ലിക്കേഷനിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കൻ പൈലറ്റാണ് എന്ന് തെറ്റിദ്ധരിപ്പിക്കത്തക്ക രീതിയിൽ പ്രൊഫൈലും ഫോട്ടോയും സെറ്റ് ചെയ്താണ് പ്രതി യുവതിയെ കുടുക്കിയത്. ഫോട്ടോയും പ്രൊഫൈലും ഇഷ്ടപ്പെട്ട യുവതിയുമായി വാട്ട്സ് ആപ്പിലൂടെ ചാറ്റിംഗ് ആരംഭിക്കുകയും തന്‍റെ അമ്മ തമിഴ്നാട്ടുകാരിയാണന്നും അതിനാൽ തനിക്ക് ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കുവാനാഗ്രഹമുണ്ടെന്നും ഇതു തന്‍റെ അമ്മയുടെ ആഗ്രഹമാണന്നും പ്രതി യുവതിയെ വിശ്വസിപ്പിച്ചു. വിവാഹം കഴിക്കുന്ന യുവതിക്ക് സമ്മാനമായി തന്‍റെ അമ്മ നൽകിയ ലക്ഷകണക്കിനു ഡോളർ വിലവരുന്ന സമ്മാനങ്ങളുമായി ഇന്ത്യയിലേക്ക് വിവാഹത്തിനായി പുറപ്പെടുകയാണ് എന്നു പറഞ്ഞ ശേഷം ഒരു സ്ത്രീ യുവതിയെ വിളിക്കുകയും പ്രതി കൊണ്ടുവന്ന ലക്ഷകണക്കിനു ഡോളർ വിലയുള്ള സമ്മാനങ്ങൾക്ക് വൻ തുക ടാക്സ് അടക്കേണ്ടതായുണ്ട് എന്നറിയിച്ചു, തുടർന്ന് വിളിച്ച പ്രതി തന്‍റെ കൈയ്യിൽ ഡോളറാണുള്ളതെന്നും അതിനാൽ ടാക്സ്, കൺവെർഷൻ തുടങ്ങിയവയ്ക്ക് അടക്കേണ്ട പണം അയച്ചു തരുവാനും ഇല്ലായെങ്കിൽ സമ്മാനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുമെന്നും യുവതിയെ അറിയിച്ചു. സമ്മാന പായ്ക്കറ്റുകളുടേയും, എയർപോർട്ടിലെ വിവിധ ലൊക്കേഷനുകളുടേയും, കസ്റ്റംസ് ഉദ്യോഗസ്ഥരുടേയുമൊക്കെ ഫോട്ടോകൾ യുവതിയെ വിശ്വസിപ്പിക്കാനായി അയച്ചുകൊണ്ടിരുന്നു. തുടർന്ന് ഇതിൽ വിശ്വസിച്ച യുവതി പ്രതി ആവശ്യപ്പെട്ട പ്രകാരം പലതുകകളായി 10ലക്ഷം രൂപയോളം തന്‍റെ അക്കൌണ്ടുകളിൽ നിന്നും ട്രാൻസ്ഫർ ചെയ്തു നൽകി. വീണ്ടും 11 ലക്ഷത്തിന്‍റെ ട്രാൻസ്ഫറിനായി ബാങ്കിനെ സമീപിപ്പിച്ചപ്പോൾ ബാങ്കിൽ നിന്നും അറിയിച്ചതനുസരിച്ച് അന്വേഷണത്തിനായി സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഇതിൻ പ്രകാരം അന്വേഷണമാരംഭിച്ച ടീം ഇതിന്‍റെ ഉറവിടം ഡൽഹി – നോയിഡ എന്നിവിടങ്ങളിലാണ് എന്ന് മനസ്സിലാക്കി അന്വേഷണം അവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ഫ്ലാറ്റിൽ താമസിച്ചുവരുന്ന നൈജീരിയൻ സ്വദേശിയാണ് പ്രതി എന്ന് തിരിച്ചറിഞ്ഞു. എന്നാൽ പോലീസിന്‍റെ സാന്നിദ്ധ്യം മനസ്സിലാക്കിയ പ്രതി താമസിച്ചുവന്നിരുന്ന ഫ്ലാറ്റിൽ നിന്നും പുറത്ത് ചാടിയതിനെ തുടർന്ന് സിറ്റിയിലെ 8 വരിപാതയിൽ വാഹനങ്ങൾക്കിടയിലൂടെ 2 കിലോമീറ്ററോളം ഓടിച്ചാണ് അന്വേഷണത്തിനായി പോയ പ്രത്യേക അന്വഷണസംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് പുറത്തുവന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഏജന്‍റുമാരുള്ള ഒരു വന്‍ റാക്കറ്റാണ് ഇതിന് പിന്നിലെന്ന് മനസ്സിലായിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പലസംഘങ്ങളായി തിരിഞ്ഞ് നടത്തുന്നതിന് നിർദ്ദേശ്ശം നൽകിയിട്ടുണ്ട്. വിവിധ സോഷ്യൽ മീഡിയകളിൽ നിന്നും സർവ്വീസ് പ്രൊവൈഡറൻമാരിൽ നിന്നുമുള്ള വിവരശേഖരങ്ങൾ സൈബർസെല്ലിന്‍റെ സഹായത്താൽ അനലൈസ് ചെയ്താണ് പോലീസ് ടീം പ്രതികളിലേക്ക് എത്തിയത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടർ എം.കെ.രാജേഷ്, എസ്.ഐ. മോഹൻകുമാർ, എ. എസ്.ഐ. ശരത്ത് ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു,സതീഷ് ബാബു സിവിൽ പോലീസ് ഓഫീസർമാരായ അരുൺകുമാർ, സിദ്ധിക്ക് എന്നിവരാണ് ടീമിലുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, തുടർന്ന് കോടതി പ്രതിയെ റിമാൻഡിലയച്ചു.
#keralapolice

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close