KERALAlocaltop news

വ്യാജരേഖകൾ സൃഷ്ടിക്കാൻ പോലീസിൽ ‘ വിദഗ്ധ സെൽ ‘ * യാത്രാപ്പടി ബില്ലുകളിൽ വൻകൃത്രിമം * പോലീസുകാരുടെ പങ്കു വ്യക്തമാക്കി ഡിസിപി 

കെ. ഷിന്റുലാൽ

 

കോഴിക്കോട് :  സംസ്ഥാനത്തെ പോലീസ് സേനയിൽ വ്യാജരേഖകൾ സൃഷ്ടിക്കാൻ  ‘ വിദഗ്ധ സെൽ ‘. സംസ്ഥാനത്തിന് പുറത്ത് ഔദ്യോഗിക ആവശ്യത്തിന് പോകുന്ന സേനാംഗങ്ങളിൽ ചിലർ വ്യാജ രേഖകൾ ചമച്ചു സർക്കാരിന്റെ പണം അപഹരിക്കുന്നതായാണ് കണ്ടെത്തൽ. വ്യാജ ബില്ലുകൾ സംബന്ധിച്ച് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ആമോസ് മാമൻ പുറത്തിറങ്ങിയ സർക്കുലറിലാണ് പോലീസിലെ ഗുരുതരമായ ക്രമക്കേടുകൾ വ്യക്തമാക്കിയത്. താമസ സൗകര്യത്തിന് നൽകുന്ന യാത്രാപ്പടി ബില്ലുകളിലാണ് വ്യാപകമായി കൃ ത്രിമം നടത്തുന്നത്.

പോലീസുകാർ സമർപ്പിച്ച ബില്ലുകൾ പരിശോധിച്ചതിൽ ഹോട്ടലുകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും ലഭിക്കുന്ന യഥാർത്ഥ ബിൽ സമർപ്പിക്കാതെ ഡിടിപി യിൽ കൃത്രിമ ബിൽ സമർപ്പിച്ചുവെന്നാണ് തെളിഞ്ഞത് . ഇപ്രകാരം സർക്കാർ പണം കൈപറ്റുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കുറ്റകരമാണെന്നും ഡിസിപി പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഇനി മുതൽ ജിഎസ്ടി നമ്പറുകളുള്ള  ബില്ലുകൾ സമർപ്പിക്കണമെന്നും ഇവ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആധികാരികത ഉറപ്പു വരുത്തണമെന്നും  ഉത്തരവിലുണ്ട്.

അതേസമയം ബില്ലുകളിൽ കൃത്രിമം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. വ്യാജ രേഖ തയ്യാറാക്കിയെന്നതും സർക്കാർ പണം കൃത്രിമ രേഖകളിലൂടെ കൈപ്പറ്റിയെന്നതും ക്രിമിനൽ കുറ്റകൃത്യമാണ്. ഡിസിപിക്ക് നേരിട്ട് ബോധ്യമായ സംഭവത്തിൽ നടപടി വൈകുന്നത് പോലീസിൽ ചർച്ചയായിട്ടുണ്ട്. കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിലുൾപ്പെടെ ആഴ്ചകളോളം മറ്റു സംസ്ഥാനങ്ങളിൽ പോലീസുകാർ പോകുന്നുണ്ട്. ചിലർ ഉന്നത സ്വാധീനമുള്ള പ്രതികളുടെ ചിലവിൽ നക്ഷത്ര ഹോട്ടലുകളിൽ വരെ താമസിക്കുകയും ആഡംബര വാഹനങ്ങളിൽ യാത്ര ചെയ്യുകയും ചെയ്യാറുണ്ട്. ഇവരും കൃത്രിമ ബില്ലുകൾ ഉണ്ടാക്കിയാണ് സർക്കാറിനെ കബളി പ്പിക്കുന്നത്. പരാതിക്കാരോട് അന്വേഷണത്തിന്റെ ഭാഗമായുള്ള യാത്രാ ചെലവിന് പണം ആവശ്യപ്പെട്ട സംഭവം മാസങ്ങൾക്ക് മുമ്പ് പോലീസിൽ വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് യാത്രപടിയിലെ കൃത്രിമം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close