KERALAlocaltop news

തൂക്കുപാലം യാത്രയും കായികദിനവും ആവേശമാക്കി കക്കാട് ജി.എൽ.പി സ്‌കൂളിലെ കുരുന്നുകൾ

കുട്ടികളിൽ ആവേശംവിതറി കായികമേള

 

മുക്കം: ഓടിയും ചാടിയും കുട്ടികൾ മൈതാനം നിറഞ്ഞപ്പോൾ കണ്ടുനിന്നവരിലും ആവേശം കൂടി. രണ്ടുവർഷത്തെ കൊവിഡ് ഇടവേളയും പ്രളയകാലം സമ്മാനിച്ച നൊമ്പരങ്ങൾക്കും ശേഷം ഇതാദ്യമായാണ് കക്കാട് ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളെല്ലാം തൊട്ടടുത്ത ഇരുവഴിഞ്ഞി പുഴയോരത്തുള്ള ചേന്ദമംഗല്ലൂർ മംഗലശ്ശേരി ഫുട്ബാൾ സ്റ്റേഡിയത്തിലെത്തിയത്.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂരിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇരുവഴിഞ്ഞിപ്പുഴക്കു കുറുകെയുള്ള, ഈയിടെ സ്ഥാപിച്ച തൂക്കുപാലം കടന്നുള്ള യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു. വരിവരിയായി തൂക്കുപാലം കടന്ന കുട്ടികൾ വിശാലമായ പുൽമേടിൽ പുതിയ ദൂരവും പുതിയ ഉയരങ്ങളും തേടി തങ്ങളുടെ കഴിവുകൾ പുറത്തെടുത്തു. കുഞ്ഞുമക്കൾക്ക് നിറയെ പ്രോത്സാഹനവുമായി അധ്യാപകരും രക്ഷിതാക്കളും പരിസരവാസികളും. കുഞ്ഞുമക്കൾ അവരോടാകുംവിധം മൈതാനം നിറഞ്ഞുമത്സരിച്ചപ്പോൾ കണ്ടുനിന്നവരും മനസ്സറിഞ്ഞ് അവരെ പിന്തുണച്ചു. കയ്യടിച്ചും ആർപ്പുവിളിച്ചും കുട്ടികളുടെ ഓരോ നിമിഷങ്ങളും അവർ ആസ്വദിച്ചു. കുട്ടികളാവട്ടെ ഈ പിന്തുണയിൽ മത്സരത്തിന്റെ മാറ്റ് കുറയ്ക്കാതെ കായികാവേശം ജ്വലിപ്പിച്ചുനിർത്തി. അങ്ങനെ ട്രാക്കിലും ഫീൽഡിലും കുട്ടിക്കുറുമ്പൻമാരും കുട്ടിക്കുറുമ്പികളും പോരാട്ടവീര്യത്തിന് കുറവൊന്നും വരുത്തിയില്ല.

കുസൃതിയും ചുറുചുറുക്കും നിഷ്‌കളങ്കതയുമെല്ലാം സമ്മേളിച്ച കായിക പ്രകടനങ്ങൾ കണ്ടുനിന്നവരെയെല്ലാം സന്തോഷിപ്പിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ മത്സരങ്ങളിൽ മിന്നും പ്രകടനങ്ങളുമായി ഇഞ്ചേടിഞ്ച് പോരാട്ടമാണ് വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. പൊരിവെയിലിലും വാടാത്ത ആവേശമാണ് കുട്ടികൾ മത്സരത്തിലുടനീളം പ്രകടമാക്കിയത്. ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് മംഗലശ്ശേരി മൈതാനിയിലും എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്ക് സ്‌കൂളിനോട് ചേർന്നുള്ള ഗ്രൗണ്ടിലുമാണ് ഒരേസമയം മത്സരങ്ങൾ സംഘടിപ്പിച്ചത്.

മൂന്ന് കൊടികൾക്കു പിന്നാലെ അണിനിരന്ന സ്‌കൂൾ വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റിൽ സ്‌കൂൾ പ്രധാനാധ്യാപിക ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് എന്നിവർ അഭിവാദ്യം സ്വീകരിച്ചു. 250-ഓളം കുട്ടികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. മത്സരങ്ങൾക്ക് സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, ഫിറോസ് മാസ്റ്റർ, സാലിഹ് മാസ്റ്റർ, റഹീം മാസ്റ്റർ, ജുനൈസ ടീച്ചർ, പർവീണ ടീച്ചർ, കെ.കെ ഷാനില ടീച്ചർ, സറീന ടീച്ചർ, ഷീബ ടീച്ചർ, വിപിന്യ ടീച്ചർ, എം.പി.ടി.എ മുൻ ചെയർപേഴ്‌സൺ ഖമറുന്നീസ മൂലയിൽ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം നിസാർ മാളിയേക്കൽ, പ്രദേശവാസികളായ സലാം പാറമ്മൽ, കീരൻ മംഗലശ്ശേരി, റൈഹാനത്ത് വടക്കയിൽ, തസ്്‌ലീന ചാലിൽ, സ്‌കൂൾ ലീഡർ ആയിഷ റഹ, ഡെപ്യൂട്ടി ലീഡർ മിൻഹ കെ.പി, വിദ്യാരംഗം കൺവീനർ മുഹമ്മദ് മിഷാൽ, ജോ.കൺവീനർ റിസ് വാൻ കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.
പി.ടി.എ വൈസ് പ്രസിഡന്റ് അഷ്‌റഫ് കെ.സി, എക്‌സിക്യൂട്ടീവ് അംഗം സഫ് വാൻ സി.കെ, അബ്ദുറഷീദ് കുറ്റിപ്പുറത്ത്, അബൂബക്കർ മുട്ടാത്ത്, രാജു കല്ലടയിൽ, നജ്മുന്നീസ നൗഷാദ് എടത്തിൽ, നസീമ ഫസൽ എം.സി, ഫൗസിയ സലാം തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close