KERALAlocaltop news

എമർജൻസി സിസ്റ്റം ‘ അഴിച്ചു മാറ്റി ‘ പോലീസ് വാഹനം മുങ്ങി

* കോഴിക്കോട് ഓടേണ്ട വാഹനം പാലക്കാട്‌ * കൺട്രോൾ റൂമിൽ നിന്ന് സന്ദേശം അയച്ചപ്പോൾ വാഹനം ' പരിധിക്ക് ' പുറത്ത്

കെ. ഷിന്റുലാൽ

കോഴിക്കോട് : ജീവൻരക്ഷാ സഹായം ആവശ്യപ്പെട്ടും അടിയന്തര സാഹചര്യങ്ങളിൽ പോലീസ് സഹായം തേടിയും പൊതുജനങ്ങൾ വിളിക്കുകയും
തുടർന്ന് ദ്രുതഗതിയിൽ നടപടി സ്വീകരിച്ചു വരികയും ചെയ്യുന്നതിനായുള്ള എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) ‘ അഴിച്ചുമാറ്റി ‘ പോലീസ് വാഹനം മുങ്ങി ! കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ സ്റ്റേഷനിലെ ഇആർഎസ്എസ് ഘടിപ്പിച്ച പോലീസ് ജീപ്പാണ് ഡിജിപിയെ വരെ വെല്ലുവിളിച്ചു കഴിഞ്ഞ ദിവസം സഞ്ചരിച്ചത്. ഇആർഎസ്എസ് സ്റ്റേഷനിൽ അഴിച്ചു വച്ചു മേലുദ്യോഗസ്ഥന്റെ കോടതി നടപടികൾക്ക് വേണ്ടിയാണ് കോഴിക്കോട്ടെ പോലീസ് ജീപ്പ് അതിർത്തി കടന്നത്. സംഭവത്തിൽ സംസ്ഥാന രഹസ്യന്വേഷണ വിഭാഗവും സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചതായാണ്
വിവരം.

കോടതി ആവശ്യത്തിനായി മറ്റു ജില്ലകളിലേക്ക് പോകുമ്പോൾ ബസ് വാറണ്ടോ, ട്രെയിൻ വാറണ്ടോ വാങ്ങി പോകണം. അതിനായി സ്റ്റേഷനിലെ വാഹനം ഉപയോഗിക്കരുതെന്ന് ഡി ജി പി യുടെ കർശന നിർദ്ദേശവും നിലവിലുണ്ട്. ഇത് നില നിൽക്കെയാണ് കഴിഞ്ഞ ദിവസം രാവിലെ മേലുദ്യോഗസ്ഥന് വേണ്ടി വാഹനവുമായി ഡ്രൈവർ മറ്റൊരു ജില്ലയിലേക്കും അവിടെ നിന്ന് പാലക്കാടേക്കും സഞ്ചരിച്ചത്. കൺട്രോൾ റൂമിൽ നിന്ന് സന്ദേശം അയച്ചപ്പോഴാണ് ഇആർഎസ്എസ്
പോലീസ് സ്റ്റേഷനിൽ തന്നെയാണെന്നും അത് ഘടിപ്പിച്ചിരുന്ന ജീപ്പ് പുറത്താണെന്നും അറിഞ്ഞത്. ഈ വിവരം വയർലെസ് വഴി സിറ്റിക്കുള്ളിൽ എല്ലായിടത്തും എത്തുകയും ചെയ്തു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ജീപ്പ് കോടതി ആവശ്യത്തിനായി പാലക്കാടേക്ക് പോയ വിവരം അധികൃതർ അറിയുന്നത്. ഇത്തരം ധൂർത്തുകൾ പതിവായി പല സ്റ്റേഷനുകളിലും നടക്കാറുണ്ടെന്ന് പോലീസുകാർ പറയുന്നു. ഇആർഎസ്എസ് ഘടിപ്പിച്ച ജീപ്പ് യാത്രക്കായി കൊണ്ട്പോകുന്നതിന് മുൻപ് മെഷീൻ ചാർജ് ചെയ്യാനെന്ന പേരിൽ സ്റ്റേഷനിൽ അഴിച്ചു വക്കുകയായിരുന്നു.

ജീവൻരക്ഷാ സഹായം ആവശ്യപ്പെട്ടും അടിയന്തര സാഹചര്യങ്ങളിലും ഏതു സർവീസ് പ്രൊവൈഡറുടെ മൊബൈലിൽനിന്നും ടോൾ ഫ്രീ നമ്പരായ 112ലേക്കു വിളിക്കാവുന്ന സംവിധാനമാണ്
ഇആർഎസ്എസ് എന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം.
ഇതിന്റെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത് സംസ്ഥാന പോലീസ് ആസ്ഥാനത്താണ്.

തിരുവനന്തപുരത്ത് രേഖപ്പെടുത്തുന്ന കോൾ, നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഏതു ജില്ലയാണോ അവിടുത്തെ കോ-ഓർഡിനേഷൻ സെന്ററിലേക്ക് കൈമാറും. അവിടെനിന്ന് മൊബൈൽ ഡേറ്റാ ടെർമിനലിലേക്ക് സന്ദേശം എത്തുകയും സഹായം ആവശ്യപ്പെടുന്ന ആളിന്റെസമീപത്തുള്ളഇർഎസ്എസ് വാഹനത്തിലേക്ക് സന്ദേശം എത്തുകയും പോലീസ് വാഹനം സ്ഥലത്തേക്ക് കുതിച്ചെത്തുകയുമാണ് രീതി. ഈ സംവിധാനം ഉള്ള വാഹനമാണ് അനധികൃതമായി യാത്ര നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close