കോഴിക്കോട് : ജനവാസമേഖലയിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്യുന്ന കോതിയിലെ ജനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാവുമെന്ന് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
ജനവികാരം അവഗണിച്ചു തീരദേശ മേഖലയിൽ തന്നെ പ്ലാന്റ് നിർമ്മിക്കാനുള്ള കോർപറേഷൻ നീക്കം ദുരൂഹമാണ്. ആവിക്കൽതോടിൽ സമാന നീക്കം തദ്ദേശവാസികളുടെ ചെറുത്ത് നിൽപ്പ് കാരണം നിർത്തി വച്ചിരിക്കുകയാണ്.
കോഴിക്കോട്ട് പൊതുവെ തീരദേശത്ത് കളിയാരവങ്ങളിൽ മുങ്ങുന്ന സമയം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് നിവാസികളോടുള്ള വെല്ലുവിളിയാണ്. പോലീസിനെ ഉപയോഗിച്ച് അറസ്റ്റും അതിക്രമവും നടത്തുന്നത് അംഗീകരിക്കാൻ ആവില്ല.
ജനവാസമില്ലാത്ത സ്ഥലങ്ങളുണ്ടെന്നിരിക്കെ ആവിക്കൽതോടിലെയും കോതിയിലെയും ജനങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്ലാന്റ് നിർമ്മാണങ്ങളിൽ നിന്ന് കോർപറേഷൻ പിന്മാറണം. ഇവിടങ്ങളിലെ ജനങ്ങളെ അണിനിരത്തി വലിയ രീതിയിലുള്ള പ്രക്ഷോഭത്തിന് പാർടി നേതൃത്വം നൽകുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി എൻ കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ്റുമാരായ വാഹിദ് ചെറുവറ്റ, പി അബ്ദുൽ ജലീൽ സഖാഫി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീർ, ട്രഷറർ ടി കെ അബ്ദുൽ അസീസ്, കെ വി പി ഷാജഹാൻ എന്നിവർ പങ്കെടുത്തു.