KERALAlocaltop news

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു: മെഡിക്കൽ കോളേജിലെ റാഗിംഗ്: രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന റാഗിംഗിനെ തുടർന്ന് ഓർത്തോ വിഭാഗം പി.ജി. വിദ്യാർത്ഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ എം.എസ് . ഓർത്തോ വിഭാഗത്തിലെ രണ്ട് ജൂനിയർ റസിഡന്റുമാരെ സസ്പെന്റ് ചെയ്തതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.

ഒരു ദൃശ്യ മാധ്യമം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സംഭവത്തിൽ ഇടപെടുകയും ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം വിശദീകരണം സമർപ്പിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

 

പരാതിയുടെ അടിസ്ഥാനത്തിൽ ആന്റി റാഗിംഗ് കമ്മിറ്റി 2022 ഫെബ്രുവരി 21 ന് യോഗം

ചേർന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡോ. ബീന ഗുഹൻ, ഡോ.അരുൺ പ്രീത്, ഡോ. പി.ടി. രതീഷ് എന്നിവരുടെ സംഘം അന്വേഷണം നടത്തി. 2022 മാർച്ച് 7ന് ചേർന്ന കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്തു.

എം.എസ് ഓർത്തോ വിഭാഗത്തിലെ രണ്ട് വിദ്യാർത്ഥികളെ പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെന്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.അന്വേഷണ റിപ്പോർട്ട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

റാഗിംഗ് ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് യു.ജി.സി. മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രിൻസിപ്പൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close