കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീത ജലധാര പ്രദർശനങ്ങളിലൊന്നായ ഫൗണ്ടെയ്ൻ ബിനാലെ ഏപ്രിൽ ഒമ്പതുമുതൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ. സ്ട്രീറ്റ്സ് ഓഫ് മെട്രോസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബിനാലെ വിപുലമായ കലാ-സാംസ്കാരിക പരിപടികളുടെ കൂടി വേദിയാകും. ലോകത്തെ ആദ്യ ലൈവ് സിങ്ക്രണൈസ്ഡ് വാട്ടർ ഫൗണ്ടെയ്ൻ ബിനാലെയുടെ പ്രധാന ആകർഷണമാണ്. വേദിയിൽ ജലധാരയുടെ പശ്ചാത്തലത്തിൽ നടക്കുന്ന സംഗീത പരിപാടിയാണിത്.
പേർഷ്യൻ, ലണ്ടൻ, തമിഴ്നാട് തെരുവുകളുടെ പുനരാവിഷ്കാരമാണ് മറ്റൊരു പ്രത്യേകത. വിഖ്യാതമായ തെരുവുകളെ സാംസ്കാരിക തനിമയോടെ ചിത്രീകരിക്കുന്നു. ഈന്തപ്പനകളും ഒട്ടകവും പഴയകാല പേർഷ്യൻ വിൽപ്പനശാലകളുമെല്ലാം ചേർന്നു നൂറ്റാണ്ടുകളുടെ പൈതൃക ഭൂമിയിലേക്കു കാഴ്ചക്കാരുടെ കൈ പിടിക്കും. പ്രൗഢമായ ലണ്ടൻ തെരുവ് ആധുനികതയുടെ തികവോടെ പുനർജനിക്കും. ബ്രിട്ടിഷ് ജീവതതാളം ഇഴചേരുന്ന നഗരത്തിൽ ഭക്ഷ്യ വിൽപ്പനശാലകൾതൊട്ടു വിഖ്യാതമായ വിദ്യാഭ്യസ സ്ഥാപനങ്ങൾവരെ കാണാനാകും. ചോളപ്പാടങ്ങൾ അതിരിടുന്ന ഗ്രാമഭംഗിയിൽ തമിഴകത്തിന്റെ പാരമ്പര്യത്തനിമ അടുത്തറിയാം.
മേളയോടനുബന്ധിച്ചുള്ള പെയ്ന്റിങ് ആൻഡ് സ്കൾപ്ച്ചേഴ്സ് ഫെസ്റ്റിവലിൽ രാജ്യത്തെ പ്രമുഖ ചിത്രകാരന്മാരും ശിൽപ്പികളും അണിനിരക്കും. ബിനാലെ ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കുന്ന ആർട് ഗാലറിയിലായിരിക്കും ചിത്ര-ശിൽപ്പ പ്രദർശനവും വിൽപ്പനയും.
ഒമ്പതു നാൾ നീളുന്ന ചലച്ചിത്രോത്സവത്തിൽ വിശ്രുത ചിത്രങ്ങളുടെ പ്രദർശനത്തിനൊപ്പം അഭിനയ പഠന ക്യാംപുകളും ഉണ്ടായിരിക്കും. ബന്ധപ്പെട്ട മേഖലകളിലെ പ്രമുഖർ ക്യാംപുകളിൽ പങ്കെടുക്കും.
വിപുലമായ ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വ്യാവസായിക മേളയും ബിനാലെയുടെ ഭാഗമാണ്. വിവിധയിനം റൈഡ്സും ഗെയിംസും ഉൾപ്പെടെയുള്ള വിശാലമായ അമ്യൂസ്മെന്റ് പാർക്ക് കുട്ടികൾക്കു വേറിട്ട അനുഭവമായിരിക്കും. നാടകക്കളരി, നടകമത്സരം, സൗന്ദര്യ മത്സരം, ലൈവ് മ്യൂസിക് ബാൻഡ്, പാചക മത്സരം, ഫ്ലീ മാർക്കറ്റ് തുടങ്ങിയവയും ബിനാലെയുടെ ഭാഗമായുണ്ടാകും.
ഒന്നരമാസം നീളുന്ന മേള മേയ് 30ന് അവസാനിക്കും. സ്റ്റാളുകൾ ബുക്ക് ചെയ്യാൻ +91 8848802406 എന്ന നമ്പറിൽ ബന്ധപ്പെടുക.
സ്ട്രീറ്റ്സ് ഓഫ് മെട്രൊസ് ചെയർമാൻ രാജേഷ് രാധാകൃഷ്ണൻ, ചിത്രകാരൻ സുനിൽ അശോകപുരം , ബിനാലെ പ്രൊമോട്ടർ ജി. വേണുഗോപാൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.