കോഴിക്കോട് :
എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചകള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . ആക്രമണം നടത്തിയ ആള്‍ അതേ ട്രെയിനില്‍ തന്നെ കണ്ണൂര്‍ വരെ യാത്ര ചെയ്തു. പരിക്ക് പറ്റിയ പ്രതി മുഖം മറച്ച് രണ്ട് പ്രധാന റെയില്‍വെ സ്റ്റേഷനുകളിലൂടെ യാത്ര ചെയ്തിട്ടും പൊലീസിന്റെ ഒരു പരിശോധനയും ഉണ്ടായില്ല. അയാള്‍ കണ്ണൂരില്‍ ഇറങ്ങിയിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. മഹാരാഷ്ട്ര എ.ടി.എസ് പിടിച്ച പ്രതിയെ കേരളത്തില്‍ എത്തിക്കുക മാത്രമാണ് കേരള പൊലീസ് ചെയ്തത്. വിവാദമായ കേസില്‍ ഉള്‍പ്പെട്ട പ്രതിയെ കൊണ്ടു വന്നതും ഒരു സുരക്ഷയുമില്ലാതെയാണ്. എന്നിട്ടും മുഖ്യമന്ത്രി ആരെയാണ് അഭിനന്ദിച്ചതെന്ന് മാത്രം മനസിലാകുന്നില്ല. ഗൗരവതരമായ ഒരു കേസ് കേരള പൊലീസ് ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? കേസില്‍ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. കേസിലെ എല്ലാ സാധ്യതകളും അന്വേഷിക്കണം. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുന്‍പാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഉണ്ടോയെന്ന് ഗൗരവതരമായി അന്വേഷിക്കണം. – കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.