കോഴിക്കോട്: അജൈവ മാലിന്യങ്ങൾ ഒരാഴ്ചയോ അതിലധികമോ റോഡരികിൽ കൂട്ടിയിട്ട് മാതൃകാപരമായ ഒരു സംവിധാനത്തിന്റെ അന്തസ്സ് കെടുത്തരുതെന്ന് കോഴിക്കോട് കോർപ്പറേഷനോട് മനുഷ്യാവകാശ കമ്മീഷൻ.
വാർഡുകളിൽ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യം പൊതു സ്ഥലങ്ങളിലും റോഡരികിലും കൂട്ടിയിടാതെ കോർപ്പറേഷന്റെ ഡംബിംഗ് യാർഡിലേക്കോ മറ്റോ മാറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.
പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. സ്ഥലക്കുറവ് കാരണമാണ് റോഡരികിൽ 3 ദിവസത്തോളം മാലിന്യം കൂട്ടിയിടുന്ന സാഹചര്യം ഉണ്ടാകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശേഖരിക്കുന്ന മാലിന്യം അതാത് ദിവസം തന്നെ നീക്കം ചെയ്യുന്ന പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അജൈവ പാഴ് വസ്തുക്കൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിന് നടപടിയെടുക്കുമെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ പരമാവധി വേഗത്തിൽ മാലിന്യം നീക്കം ചെയ്യുന്നതാണെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ സെക്രട്ടറിയുടെ റിപ്പോർട്ടിലെ പരാമർശം വസ്തുതാപരമല്ലെന്ന് ഉത്തരവിൽ പറഞ്ഞു. അജൈവ മാലിന്യം നിറച്ച ചാക്കുകൾ റോഡരികിൽ കൂട്ടിയിടുന്നതും അത് നായ്ക്കളും മറ്റും കടിച്ചു പറിക്കുന്നതും പല സ്ഥലങ്ങളിലും കാണാവുന്നതാണ്. കമ്മീഷന്റെ ക്യാമ്പ് ഓഫീസിന് മുന്നിൽ പോലും അജൈവ മാലിന്യം നിറച്ച ചാക്കുകൾ ഒരാഴ്ചയോളം കൂട്ടിയിടാറുണ്ടെന്നും ഉത്തരവിൽ പറഞ്ഞു.