KERALAlocaltop news

ഷാറൂഖിനെ പോയിന്റ് ബ്ലാങ്കിലാക്കാന്‍ അവസരമൊരുക്കി ! സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര അന്വേഷണം

ഠ ഒരു മണിക്കൂര്‍ റോഡിലുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതില്‍ ദുരൂഹത ഠ തുടര്‍ന്നുള്ള യാത്രയ്ക്കും എസ്‌കോര്‍ട്ട് നല്‍കിയില്ല

 

 

സ്വന്തം ലേഖകന്‍

കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നു. തീവ്രവാദബന്ധം സംശയിക്കുന്ന കേസിലെ പ്രതിയായിട്ടുപോലും മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതകുറവ് രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേന്ദ്രഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രാമധ്യേ കര്‍ണാടകയില്‍ വച്ച് പ്രതിയുമായെത്തിയ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതി പോലീസിന്റെ സാന്നിധ്യമില്ലാതെ വാഹനത്തില്‍ തനിച്ചാക്കിയിരുന്നുള്ളത്. ഇത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് ഇന്റലിജന്‍സ് ബ്യൂറോ (ഐബി)യും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും കാണുന്നത്. പ്രതിയെ രക്ഷപ്പെടുത്തണമെങ്കിലോ അല്ലാത്തപക്ഷം പ്രതിയെ കൊലപ്പെടുത്തണമെങ്കിലോ നിഷ്പ്രയാസം സാധിക്കുമായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിയുതിര്‍ക്കാവുന്ന രീതിയിലായിരുന്നു പ്രതിയുണ്ടായിരുന്നതെന്നത് ഏറെ ഗൗരവമാണ്. ഒരു ഡിവൈഎസ്പിയുള്‍പ്പെടെ മൂന്നുപേര്‍ മാത്രം
കോഴിക്കോടേക്കെത്തിയതും ഗുരുതര സുരക്ഷാ വീഴ്ചയാണ്.
ഇതിന് പുറമേ കണ്ണൂര്‍-കോഴിക്കോട് യാത്രക്കിടെ കാടാച്ചിറയില്‍ വച്ചു വാഹനത്തിന്റെ ടയര്‍ പങ്ചറായി വഴിയില്‍ ഒരു മണിക്കൂറോളം കുടിങ്ങിയപ്പോള്‍ ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതിരുന്നതും സംശയത്തോടെയാണ് കേന്ദ്രഏജന്‍സികള്‍ വീക്ഷിക്കുന്നത്. പിന്നീട് വാഗണ്‍ ആര്‍ കാറില്‍ പ്രതിയുമായി കോഴിക്കോടേക്ക് പുറപ്പെടുന്ന വിവരം സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായിരുന്നു. എന്നിട്ടു പോലും പോലീസ് എസ്‌കോര്‍ട്ട് അനുവദിക്കാതിരുന്നതിന്റെ കാരണവും കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ആരുടെ നിര്‍ദേശാനുസരണമാണ് പ്രതിയുമായി റോഡുമാര്‍ഗം എത്തിയതെന്നും വാഹനം കേടായപ്പോള്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ആരുടെ നിര്‍ദേശാനുസരണമാണെന്നതും അന്വേഷിക്കും. കൂടാതെ വാഹനം കേടായതിനെ കുറിച്ച് വാഹനത്തിലുള്ള പോലീസുകാര്‍ വിളിച്ചറിയിച്ചപ്പോള്‍
മേലുദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികളും പരിശോധിക്കും. ഇക്കാര്യത്തില്‍ അന്വേഷണ ചുമതലയുള്ള വിഭാഗവും ക്രമസമാധാന ചുമതല വഹിക്കുന്ന വിഭാഗവും തമ്മില്‍ ഏതെങ്കിലും രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കും.

ആഭ്യന്തരസുരക്ഷാ
വിഭാഗം റിപ്പോര്‍ട്ട്
സമര്‍പ്പിച്ചു

* ജാഗ്രതകുറവ് ഉണ്ടായി

കോഴിക്കോട്: ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി നേരിട്ട് മേല്‍നോട്ടം നല്‍കുന്ന എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ വീഴ്ച സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സിന്റെ ഭാഗമായ ആഭ്യന്തരസുരക്ഷാ വിഭാഗം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്റിലജന്‍സ് എഡിജിപി വിനോദ്കുമാറിനാണ് ഉത്തരമേഖലാ ഐഎസ് വിഭാഗം ( ഇന്റേണൽ സെക്യൂരിറ്റി ) റിപ്പോർട്ട്  സമര്‍പ്പിച്ചത്. ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ മൂന്നുപേരെ മാത്രം വിന്യസിപ്പിച്ചുകൊണ്ട് പ്രതിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്ന് കാറില്‍ കൊണ്ടുവന്നത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ജാഗ്രതകുറവുണ്ടായെന്നും വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close