KERALAlocaltop news

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ; നിയാസ് കുട്ടശേരിയുടെ വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്രഏജന്‍സികള്‍

ഠ കസ്റ്റഡി കാലവധി അഞ്ചിന് തീരും ഠ ചോദ്യം ചെയ്യല്‍ തുടരുന്നു

 

സ്വന്തംലേഖകന്‍

കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ കീഴടങ്ങിയ മുഖ്യപ്രതി ഏറനാട് -പനക്കാട്, കിഴക്കേത്തല കുട്ടശേരി വീട്ടില്‍ നിയാസ് കുട്ടശേരിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി കേന്ദ്രഏജന്‍സികള്‍ . രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് നിയാസ്. അന്വേഷണ ഘട്ടത്തില്‍ വിദേശത്തേക്ക് മുങ്ങിയ നിയാസ് കഴിഞ്ഞ ദിവസമാണ് കോടതി മുമ്പാകെ കീഴടങ്ങിയത്. തുടര്‍ന്ന് കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തുവരികയാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാല്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യ്ക്ക് നേരത്തെ തന്നെ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോയും എന്‍ഐഎയും നിയാസിനെ കുറിച്ചുള്ള കൂടുതല്‍ വിവരം അന്വേഷണസംഘത്തില്‍ നിന്ന് ശേഖരിച്ചത്.

കേസിലെ മറ്റു പ്രതികളായ ജുറൈസ്, ഷബീര്‍, കൃഷ്ണപ്രസാദ്, ഇബ്രാഹിം പുല്ലാട്ടില്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവരുമായി നിയാസ് ഗൂഢാലോചന നടത്തിയെന്നും അനധികൃത ലാഭം നേടുന്നതിനായി നിയമവിരുദ്ധമായ തട്ടിപ്പ് നടത്തിയെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അനധികൃത എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ നിയാസാണ് മറ്റ് പ്രതികള്‍ക്ക് ക്ലൗഡ് സെര്‍വറുകള്‍ നല്‍കിയത്. ഇന്ത്യയിലെ വിവിധ ടെലികോം സേവന ദാതാക്കളെ കബളിപ്പിച്ച്, ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖല കൈയേറ്റം ചെയ്യുകയും രാജ്യത്തിന്റെ ആശയവിനിമയ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി ആഭ്യന്തര സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവയ്ക്ക് ഭീഷണിയായി മാറുകയും സര്‍ക്കാറിന് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തുവെന്നതുള്‍പ്പെടെ ഗുരുതര കുറ്റകൃത്യങ്ങളാണ് നിയാസിനെതിരേ അന്വേഷണസംഘം കണ്ടെത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close