KERALAlocaltop news

കാട്ടാന ശല്യം: പ്രതിരോധത്തിന് അടിയന്തര നടപടി സ്വീകരിക്കണം ; കർഷക കോൺഗ്രസ്

 

പേരാമ്പ്ര:
കഴിഞ്ഞ ഒരു മാസത്തോളമായി ചെമ്പനോട, ആലമ്പാറ, കാട്ടിക്കുളം, കുണ്ടൻ മൂല,വലിയകൊല്ലി, മൂത്താട്ടുപുഴ, താമരമുക്ക്, പന്നിക്കോട്ടൂർ ജനവാസ മേഖലകളിൽ കൃഷിനാശം വരുത്തുകയും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയും ചെയ്യുന്ന കാട്ടാനശല്യത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
കൃഷിനാശം ഉണ്ടായ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിച്ചു.
അരനൂറ്റാണ്ടിലേറെയായി കർഷകർ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലാണ് തെങ്ങ് കവുങ്ങ് വാഴ കൊക്കോ ജാതി എന്നീ കൃഷി വിളകൾ നശിപ്പിക്കപ്പെട്ടത്.

വനത്തിൽ, വെള്ളവും ഭക്ഷണവും കിട്ടാതെ വരുമ്പോഴും, ഉൾക്കൊള്ളാൻ കഴിയാത്ത വിധം പെരുകുമ്പോഴുമാണ് വന്യമൃഗങ്ങൾ ജലവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്.
വനത്തിനുള്ളിൽ നിൽക്കേണ്ട വന്യമൃഗങ്ങൾ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം വനവകുപ്പിനും സർക്കാരിനുമാണ്.
സർക്കാരും വനവകുപ്പും വന്യമൃഗ അക്രമണത്തിൽ നിസംഗത പുലർത്തുന്ന സാഹചര്യത്തിൽ കൃഷിയിടത്തിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നശിപ്പിക്കാൻ കർഷകർ നിർബന്ധിതരാകും.

കാട്ടിൽ കയറുന്ന മനുഷ്യർക്കെതിരെ കേസെടുക്കുന്ന വന വകുപ്പിനെ പോലെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ അവയുടെ ഉടമസ്ഥരും പരിപാലകരുമായിരിക്കുന്ന വനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുമ്പോൾ ജനവാസമേഖലകളിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുകയോ,വെടി വെച്ചു കൊല്ലുകയോ ചെയ്യണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തണം

വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾക്ക് ബഡ്ജറ്റിൽ നീക്കിവെച്ച തുകയിൽ 100 കോടിയോളം രൂപ സംസ്ഥാന സർക്കാർ അനുവദിക്കാതിരുന്നത് കൊണ്ട് 2022 -23 വർഷം ലഭിക്കേണ്ട കേന്ദ്രഫണ്ട് 200 കോടി രൂപ കേരളത്തിന് നഷ്ടമായിട്ടുണ്ട്.

സംസ്ഥാനം കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് പ്രകാരം 132 കിലോമീറ്റർ പരിധിയിൽ ആന പ്രതിരോധ കിടങ്ങ് അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര ഏജൻസികളെ ഉപയോഗിച്ച് സർവ്വേ നടത്തി,വനത്തിന്റെ വിസ്തൃതിക്കനുസരിച്ചുള്ള,വിവിധ മൃഗങ്ങളുടെ ക്യാരിങ്ങ് കപ്പാസിറ്റി നിർണയിച്ച്, അനുവദിക്കപ്പെട്ടതിൽ കൂടുതൽ എണ്ണം വർദ്ധിക്കാതെ അന്താരാഷ്ട്ര രീതികൾക്കനുസരിച്ച് ശാസ്ത്രീയ കള്ളിങ്ങ് രീതി നടപ്പിലാക്കണം.

കാടിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ ആനപ്രതിരോധ കിടങ്ങ് നിർമ്മിക്കുകയാണ് ശാശ്വത പരിഹാരമാർഗ്ഗം.സൗരോർജവേലിയും, സൗരോർജ്ജ തൂക്കുവേലിയും ഇവിടെ ഫലപ്രദമാകില്ലെന്ന് സ്വകാര്യ വ്യക്തികളുടെ അനുഭവത്തിൽ നിന്ന് മനസ്സിലാവുന്നു ആനപ്രതിരോധ കിടങ്ങിനു ആവശ്യമായ ഫണ്ട് അടിയന്തരമായി അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അദ്ദേഹത്തോടൊപ്പം സംസ്ഥാന ജനറൽ സെക്രട്ടറി  രവീഷ് വളയം, സെക്രട്ടറി ജോസ് കാരിവേലി, ജില്ലാ വൈസ് പ്രസിഡണ്ട് പാപ്പച്ചൻ കൂനംത്തടം, വാർഡംഗം കെ എ ജോസുകുട്ടി,റെജി കോച്ചേരി, ടോമി മണ്ണൂർ, ഷൈല ജെയിംസ്, ജോബി എടച്ചേരി, രമേശ് കേളംപൊയിൽ എന്നിവരും ഉണ്ടായിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close