KERALAlocaltop news

മുട്ടിൽ മരം മുറിക്കാരുടെ പ്രതികാരം; അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്നഭ്യർത്ഥിച്ച് ഡിവൈഎസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി

** മാഫിയകളുടെ അടിവേരറക്കുന്ന മലപ്പുറം എസ് പി യെ മാറ്റാനും ചരടുവലി

 

മലപ്പുറം: മുട്ടില്‍ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. റിപ്പോർട്ടർ ചാനലിന്റെ ഉടമകളായ മുട്ടിൽ മുറി കേസിലെ പ്രതികൾ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കത്തില്‍ ബെന്നി പറയുന്നു. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്തത് അന്ന് ബത്തേരി ഇൻസ്പെക്ടറായ വി.വി. ബെന്നി ആയിരുന്നു.

റവന്യൂ ഭൂമിയില്‍ നിന്നും കോടികളുടെ വിലമതിക്കുന്ന വീട്ടിമരങ്ങൾ മുറിച്ചു കടത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് മാറ്റം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കുന്നത്. പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത വൃക്ഷങ്ങള്‍ വയനാട് മുട്ടിലില്‍ നിന്നും മുറിച്ച് കടത്തിയതാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

മരംമുറിക്കുന്നതിനായി പ്രതികള്‍ വ്യാജ രേഖയുണ്ടാക്കതിന്റെ തെളിവും കിട്ടിക്കഴിഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ മറികടന്നാണ് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അന്വേഷണ സംഘം തലവനായിരുന്ന വി. വി. ബെന്നി അറസ്റ്റ് ചെയ്തത്. കുറ്റപത്രം തയ്യാറാക്കുന്നതിടെയാണ് താനൂരില്‍ ഒരു മയക്കു മരുന്ന് കേസില്‍ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മുട്ടില്‍ കേസിലെ പ്രതികളാണ് തന്നെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനക്ക് പിന്നിലെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും മാറ്റണമെന്നുമാണ് ഡിജിപിക്ക്  നല്‍കിയ കത്തില്‍ പറയുന്നത്. കത്തില്‍ ഡിജിപി ഇതേവരെ തീരുമാനം എടുത്തിട്ടില്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അടക്കം നിരവധി പ്രമാദമായ കേസുകളിൽ അന്വേഷണ സംഘത്തിൽ പ്രവർത്തിച്ച മിടുക്കനായ ഓഫീസറാണ് ബെന്നി.               ലോക്കപ്പ് മരണത്തിന്റെ മറവിൽ കർശനക്കാരനായ മലപ്പുറം എസ്പി സുജിത് ദാസിനെ സ്ഥലം മാറ്റിക്കാനും ശ്രമം നടക്കുന്നുണ്ട്. കള്ളക്കടത്ത്, ഹവാല ഇടപാടുകാർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്ന എസ് പി മാഫിയയുടെ കണ്ണിലെ കരടാണ്. കിട്ടിയ അവസരം മുതലെടുത്ത് എസ് പി യെ മാറ്റാനാണ് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close