എറണാകുളം : ഭാരതീയ ക്രൈസ്തവരെ സിറിയൻ കത്തോലിക്കരാക്കി മാറ്റാൻ അപേക്ഷ നൽകി ഗസറ്റ് വിജ്ഞാപനം ഇറക്കിച്ച സഭാ നേതൃത്വത്തിനു നേരെ വിരൽ ചൂണ്ടി ഫാ . അജി പുതിയാപറമ്പിൽ . ശുശ്രൂഷ ദൗത്യം ഉപേക്ഷിച്ച് പ്രവാചക ദൗത്യം ഏറ്റെടുത്ത് സഭാ നേതൃത്വത്തിന്റെ തലതിരിഞ്ഞ നയങ്ങൾക്കെതിരെ പൊരുതുന്ന ഫാ. അജി ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനവുമായി രംഗത്തെത്തിയത്. സഭയെ വിമർശിച്ചതിന്റെ പേരിൽ ഇദ്ദേഹത്തെ സസ്പെന്റ് ചെയ്തെങ്കിലും പൗരോഹിത്യത്തിൽ തുടർന്നുകൊണ്ട് നേതൃത്വത്തിന്റെ അൽമായ വിരുദ്ധ നടപടികൾക്കെതിരെ പൊരുതിക്കൊണ്ടിരിക്കയാണ്. ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ –
*നിങ്ങളെന്നെ സിറിയക്കാരനാക്കി!!!!*
ഈ ഓഗസ്റ്റ് മാസത്തിലെ ഒരു ദിനം ഉറങ്ങിയുണർന്നപ്പോൾ സിറിയാക്കാരനായി മാറ്റപ്പെട്ടതിന്റെ നടുക്കത്തിലാണ് ഞാൻ. കേരളത്തിലെ സീറോ മലബാർ കത്തോലിക്കരായ നിങ്ങളും ഇനി മുതൽ സിറിയക്കാർ എന്ന് വിളിക്കപ്പെടും ; നിശ്ചയം!!!
2023 ആഗസ്റ്റ് 9 ന് ഇറങ്ങിയ കേരള ഗസറ്റിലാണ് ഈ വിജ്ഞാപനമുള്ളത്. അങ്ങനെ ഇന്ത്യക്കാരാനായ, മലയാളിയായ ഞാൻ മെഡിറ്ററേനിയൻ കടൽ തീരത്തുള്ള സിറിയക്കാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു.
2020 വരെ ഞാൻ ഒരു റോമൻ കത്തോലിക്കനായിരുന്നു. എല്ലാം സർട്ടിഫിക്കറ്റുകളിലും അങ്ങനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പിന്നീട് സീറോ മലബാർ കത്തോലിക്കനായി. ഇപ്പോഴാകട്ടെ *സിറോ മലബാർ സിറിയൻ* *കത്തോലിക്കനും* ആയി. അങ്ങനെ ഇക്കാലയളവിനുള്ളിൽ മൂന്ന് തവണ എന്റെ മത അസ്ഥിത്വത്തിന് മാറ്റം വന്നിരിക്കുന്നു.
ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ എന്തിനധികം ഒരു ഗ്രാമത്തിലെ
റോഡിന്റെയോ പോലും പേരു മാറ്റുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. പൗരൻമാരോട് അഭിപ്രായം ചോദിക്കാറുണ്ട്. ഏകാധിപതികൾ പോലും ഇത്തരം നടപടി ക്രമങ്ങൾ പാലിക്കാറുണ്ട്. എന്നാൽ ആരുടെയും അഭിപ്രായം ചോദിക്കാതെ, അനുവാദം തേടാതെ നമ്മുടെ മതസ്വത്വം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ സ്വത്വബോധത്തിന് ഒരു വിലയും ഇല്ലേ ????
ഇനി എന്നാണ് നമ്മൾ *സീറോ മലബാർ ഇന്ത്യൻ കത്തോലിക്ക രാകുന്നത്* *???*
ഫാ. അജി പുതിയാപറമ്പിൽ