KERALAlocaltop news

താമരശേരി ചുരത്തിലെ ഗതാഗതകുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേ തീരൂ: മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരം കണ്ടേ തീരൂ എന്ന് മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ( 22 / 10) ഉച്ചയ്ക്ക് താമരശേരി ചുരം എട്ടാം വളവിൽ മൾട്ടി ആക്സിൽ ചരക്ക് ലോറി കേടായി താമരശേരി ചുരത്തിൽ 5 മണിക്കൂറോളം രൂക്ഷമായ ഗതാഗത കുരുക്കുണ്ടായ സാഹചര്യത്തിലാണ്
കമ്മീഷൻ വീണ്ടും ഇടപെട്ടത്. കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് ചരക്കു ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ അവധി ദിവസമാണ് ചരക്ക് ലോറി വഴിയിൽ നിന്നത്.

കമ്മീഷൻ ഇതേ വിഷയത്തിൽ ഇക്കൊല്ലം ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും സമർപ്പിച്ച റിപ്പോർട്ടുകളിൻമേൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

ഇപ്പോൾ സംഭവിച്ചതു പോലുള്ള രൂക്ഷമായ ഗതാഗത കുരുക്കുകൾ ഒഴിവാക്കുന്നതിന് കൂടുതലായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും ഒരു മാസത്തിനുള്ളിൽ സമർപ്പിക്കണമെന്നും കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ എത്രയും വേഗം പ്രാബല്യത്തിൽ വരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

പുൽപ്പള്ളിയിൽ തെങ്ങ് ശരീരത്തിൽ വീണ് ഗുരുതരമായി പരിക്കേറ്റ രാജൻ എന്നയാൾ താമരശേരി ചുരത്തിലെ ഗതാഗത കുരുക്കിൽ അകപ്പെട്ട് മരിച്ചതിനെ തുടർന്ന് കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഗതാഗത കുരുക്കിന് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്താൻ നിർദ്ദേശം നൽകിയത്.ഇതിനെ തുടർന്ന് അവധി ദിവസങ്ങളിലും രാവിലെയും വൈകിട്ടും ചുരത്തിൽ ചരക്കു ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.എന്നാൽ പ്രസ്തുത ഉത്തരവ് കർശനമായ നടപ്പിലാക്കാൻ ഭരണകൂടങ്ങളോ പോലീസ് സംവിധാനവും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് പുതിയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നതായി കമ്മീഷൻ നിരീക്ഷിച്ചു. ചുരത്തിൽ കുട്ടികളും വയോധികരും അനുഭവിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ ഇരു ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവിമാരും കർശനമായി ഇടപെടണമെന്നും കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close