KERALAlocaltop news

സ്കൂളുകളിൽ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ : സഹകരിക്കുകയില്ലെന്ന് പ്രഥമാധ്യാപകർ

കോഴിക്കോട് :  സ്കൂളുകളിൽ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ ഏർപെടുത്തിയാൽ  സഹകരിക്കുകയില്ലെന്ന് പ്രഥമാധ്യാപകർ.

ഉച്ചഭക്ഷണ പദ്ധതി നടത്തുന്നതിന് സ്കൂളുകൾ ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നടത്തണമെന്നുള്ള നിർദ്ദേശം അസ്വീകാര്യവും അപ്രായോഗീകവും ആണെന്ന് കേരള ഗവ. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ( കെ. ജി. പി. എസ്. എച്. എ ) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സ്കൂളുകൾ സ്വന്തം അടുക്കളയിൽ സർക്കാർ നിർദ്ദേശിക്കുന്ന വ്യവസ്ഥകളോടുകൂടിയാണ് ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. അധ്യാപകരും രക്ഷിതാക്കളും ഓരോ ദിവസവും ഭക്ഷണത്തിൻറെ ഗുണ നിലവാരം പരിശോധിച്ച് പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്. തദ്ദേശ ജനപ്രതിനിധി കൂടി ഉൾപ്പെടുന്ന ഉച്ചഭക്ഷണ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു പോകുന്നത്. കൂടാതെ സർക്കാർ നിശ്ചയിക്കുന്ന ഏജൻസി സാമ്പിൾ ശേഖരിച്ച് ഗുണനിലവാരം പരിശോധിച്ച് ഉറപ്പു വരുത്തുന്നുണ്ട്.
മുൻകൂട്ടി അംഗീകരിച്ച ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട കുട്ടികൾക്ക് മാത്രമാണ് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം നൽകുന്നത്. ലാഭേച്ഛയോടെ വിൽപന നടത്തുന്ന ഒരു കേന്ദ്രമല്ല സ്കൂൾ.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനെ കൂടുതൽ സങ്കീർണ്ണമാക്കുകയല്ലാതെ ഈ നിർദ്ദേശം കൊണ്ട് മറ്റൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് സംസ്ഥന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറെ കെ. വി. എൽദോ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുഹമ്മദ് സാലിം, വി. നാരായണൻ, ഇ.ടി.കെ ഇസ്മയിൽ,എസ്. എസ്. ഷൈൻ, ബിജുതോമസ്, സിബി അഗസ്റ്റിൻ, കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close