KERALAlocaltop news

യേശുവിനെ ഇനിയും തടവിലാക്കരുത് – ഫാ. അജി പുതിയാപറമ്പിൽ

എറണാകുളം :                                                                                                            *യേശുവിനെ ഇനിയും തടവിലാക്കരുത്*

*പുതിയ വെളിച്ചം, പുത്തൻ വെള്ളം , പുതിയ പ്രമാണം* ഇവ മൂന്നുമാണ് ദുഃഖശനി അഥവാ വലിയശനിയിലെ ധ്യാന വിഷയങ്ങൾ.

ആശയം ലളിതമാണ്. യേശുവാണ് പുതിയ പ്രകാശവും ജീവൻ്റെ അരുവിയും. പുതിയ പ്രമാണമെന്നത് സ്നേഹത്തിൻ്റെ നിയമമാണ്.

ക്രിസ്റ്റ്യാനിറ്റി എന്നത് വളരെ വളരെ നവീനമായ എന്നാൽ തീർത്തും ലളിതമായ ഒരു ജീവിതചര്യയാണ്. അത് ഇപ്രകാരമാണ്: *യേശുവിനെ സ്വീകരിക്കുക. അവിടുത്തെ പ്രകാശത്തിൽ ജീവിക്കുക. സ്നേഹം ജീവിത നിയമമാക്കുക.* അതെ… അത്രയും ലളിതമാണ് ക്രൈസ്തവികത.

യേശു പകർന്നു നൽകിയ പാഠങ്ങൾ തികച്ചും പുതിയതായിരുന്നു. അതുകൊണ്ടാണ് പുതിയ വീഞ്ഞിന് പുതിയ തോൽക്കുടം വേണമെന്നും പുതിയ വസ്ത്രത്തിൽ പഴയത് തുന്നിച്ചേർക്കരുതെന്നും അവിടുന്ന് പറഞ്ഞത്.

*ഇന്ന് യേശുവിനെയും അവിടുന്ന് പകർന്ന് നൽകിയ ജീവനുള്ള ദർശനങ്ങളെയും പഴയ നിയമത്തിൻ്റെ തോൽക്കുടങ്ങളിൽ തടവിലാക്കിയിരിക്കുകയാണ്.* അവിടുന്ന് പഠിപ്പിച്ച സ്നേഹമുള്ള ദൈവത്തെപ്പറ്റി, ക്ഷമിക്കുന്ന ദൈവത്തെപ്പറ്റി ആരെങ്കിലും പ്രസംഗിക്കുന്നുണ്ടോ???? അറിയില്ല. !!!

പ്രഭാഷകർക്കിഷ്ടം ശിക്ഷിക്കുന്ന ദൈവത്തെപ്പറ്റിയും കോപിക്കുന്ന ദൈവത്തെപ്പറ്റിയും പറയാനാണ് . യേശു തന്നെ പറയുന്നുണ്ട് ” ദൈവം തൻ്റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല പ്രത്യുത അവൻ വഴി ലോകം രക്ഷ പ്രാപിക്കാനാണ്” എന്ന്. (യോഹന്നാൻ 3:17)

ബൈബിളിൽ 365 തവണയെങ്കിലും ആവർത്തിക്കുന്ന വാക്കാണ് ‘ഭയപ്പെടേണ്ട’ എന്നത്. *ദൈവമനുഷ്യ ബന്ധം ഭയത്തിൻ്റെ അസ്ഥിവാരത്തിലല്ല പകരം സ്നേഹത്തിൻ്റെ അടിത്തറമേൽ പണിയണമെന്ന് യേശു ആഗ്രഹിച്ചു.* അതുകൊണ്ടാണ് തൻ്റെ ശിഷ്യൻമാരെ സ്നേഹിതൻമാർ എന്ന് അവിടുന്ന് വിളിച്ചത്. പക്ഷെ *ദുഖകരമെന്ന് പറയട്ടെ കേരളത്തിലെ ക്രൈസ്തവരിൽ ഭൂരിഭാഗം പേർക്കും ദൈവം എന്ന് കേൾക്കുബോൾ ആദ്യം ഉണ്ടാകുന്ന വികാരം ഭയമാണ്.* കഷ്ടമാണിത്!!!. ദൈവം മനുഷ്യനായതും അവൻ്റെ കൂടെ നടന്നതും സഹവസിച്ചതും എല്ലാം അവനിൽ സ്നേഹം നിറയ്ക്കാനാണ്. ഭീതി നിറയ്ക്കാനല്ല. രണ്ടായിരം വർഷം കഴിഞ്ഞു. ഇനിയും മനസ്സിലായില്ലെങ്കിൽ എന്നാണിത് മനസ്സിലാക്കുക .????

ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുക എന്നതാണ് യേശു നല്കിയ ഏക നിയമം. എന്നാൽ ഇന്ന് കേരളത്തിലെ ഒരു ക്രിസ്ത്യാനിക്ക് അനുസരിക്കാൻ നൂറു കണക്കിന് നിയമങ്ങളും അനുഷ്ഠിക്കാൻ അനവധി ആചാരങ്ങളുമുണ്ട്. ഗുരുക്കൻമാർ അനുശാസിക്കുന്ന പ്രത്യേക നേർച്ചകളും ദിനചര്യകളുമുണ്ട്. അമേരിക്കയിലെ ജോർജ്ജ് ഫ്ലോയിഡിനെപ്പോലെ *പലർക്കും ശ്വാസം മുട്ടുന്നു.!!!!*

പാരമ്പര്യത്തിൻ്റെ തടവറയിൽ
യേശുവിനെയും അവൻ നല്കിയ പ്രകാശത്തെയും എങ്ങനെ തടവിലാക്കാം എന്ന് ഗവേഷണം ചെയ്യുന്നവരുമുണ്ട്. അവർ പറയുന്നു *” യേശുവിന് പ്രിയപ്പെട്ട ഭാഷ സുറിയാനിയാണെത്രെ.. അതുകൊണ്ട് നമ്മൾ പ്രാർത്ഥിക്കുന്നതും സുറിയാനിയിൽ വേണമെന്ന്”.* സർവ്വ ശബ്ദങ്ങളുടെയും ഉടയവനായ ദൈവത്തെ ഒരു ഭാഷയുടെ തടവറയിലാക്കാനുള്ള ശ്രമമാണിത്. ഇങ്ങനെ എത്ര എത്ര കാര്യങ്ങൾ…..

*ദയവായി യേശു എന്ന പ്രകാശത്തെയും അരുവിയെയും ആരും തടഞ്ഞു നിർത്താതിരിക്കുക. മനുഷ്യൻ്റെ ഹൃദയത്തിലേയ്ക്ക് അവിടുന്ന് പ്രവേശിക്കട്ടെ* .

എല്ലാവർക്കും വലിയശനിയുടെ മംഗളങ്ങൾ🙏

ഫാ. അജി പുതിയാപറമ്പിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close