(മടവൂർ) കൊടുവള്ളി – സ്വന്തമായൊരു കമ്പ്യൂട്ടർ വാങ്ങാനായി സ്വരുക്കൂട്ടിയ മുഴുവൻ തുകയും തന്റെ ക്ലാസിലെ വിദ്യാർത്ഥിനിയുടെ ഭവനനിർമാണത്തിനായി നൽകി മാതൃകയായി ചക്കാലക്കൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അമീൻ അഹമ്മദ്.
അന്തിയുറങ്ങാൻ സുരക്ഷിതമായൊരു വീടില്ലാത്ത കൂട്ടുകാരിയുടെ പ്രയാസം വിശദീകരിക്കുന്നതിനിടെ അമീൻ തന്റെ ആഗ്രഹം ക്ലാസ് ടീച്ചർ
ടി മുഫസിലയെ അറിയിക്കുകയായിരുന്നു. ഓരോ വർഷവും ഇത്തരത്തിൽ നിർധനരായ ഒരു വിദ്യാർത്ഥിയുടെ വീട് നിർമാണം സ്‌കൂൾ പൂർത്തീകരിക്കാറുണ്ട്. ഇത്തവണ തന്റെ ക്ലാസിലെ വിദ്യാർത്ഥിനിയ്ക്കാണ് ഗൃഹനിർമാണം എന്നറിഞ്ഞതോടെ തന്റെ ചിരകാല സ്വപ്‌നം സുഹൃത്തിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു അമീൻ.
വിജയോത്സവത്തിന്റെ ഭാഗമായി അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുമ്പോഴാണ് പല കുട്ടികളുടെയും വീടിന്റെ ശോച്യാവസ്ഥ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പി.ടി.എയുടെ നേതൃത്വത്തിൽ ‘സഹപാഠിയ്‌ക്കൊരു സമ്മാനം’ എന്ന പദ്ധതി വിദ്യാലയത്തിൽ ആരംഭിച്ചത്.
സ്വന്തമായി വീടില്ലാത്ത വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അധ്യാപകർ വീട്ടിലെത്തി സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. രക്ഷിതാക്കൾ, വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരിൽ നിന്നെല്ലാമുള്ള സഹായസഹകരണങ്ങളാണ് ഈ പദ്ധതിയുടെ വിജയം. എല്ലാ വർഷവും അർഹതപ്പെട്ട ഒരു വിദ്യാർത്ഥിയെ തിരഞ്ഞെടുത്ത് സുരക്ഷിതമായൊരു വീട് എന്ന അവരുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
സ്വന്തം ആഗ്രഹങ്ങളെക്കാൾ കൂടപ്പിറപ്പിന്റെ ആവശ്യങ്ങൾക്ക് പരിഗണന നൽകുന്ന പുതിയ തലമുറയുടെ ഇത്തരം കരുതലുകൾ ഏറെ പ്രതീക്ഷ നൽകുന്നതും മാതൃകാപരവും സമൂഹത്തിന് പ്രചോദനവുമാവട്ടെയെന്ന് സ്‌കൂൾ മാനേജർ പി.കെ സുലൈമാൻ മാസ്റ്റർ, പ്രിൻസിപ്പൽ എം.കെ രാജി, ഹെഡ്മാസ്റ്റർ കെ ശാന്തകുമാർ, പി.ടി.എ പ്രസിഡന്റ് റിയാസ് ഖാൻ എന്നിവർ ആശംസിച്ചു.👆🏻