കണ്ണൂര്‍: എരഞ്ഞോളിയില്‍ പറമ്പില്‍ തേങ്ങ പെറുക്കാന്‍ പോയ വയോധികന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ തെളിവ് കണ്ടെത്താനാവാതെ പൊലീസ്. പരിസരപ്രദേശങ്ങളിലൊന്നും ബോംബ് ശേഖരണത്തിന്റെ തെളിവുകളില്ല. ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ എങ്ങനെ ബോംബ് എത്തിയെന്നതില്‍ പൊലീസിന് വ്യക്തതയില്ല. ബോംബ് സ്‌ക്വാഡിന്റെയും ഡോഗ് സ്‌ക്വാഡിന്റെയും പരിശോധനകള്‍ നടക്കുന്നതൊഴിച്ചാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ല.
അതേസമയം സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എം വി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സിപിഐഎമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലസെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
കണ്ണൂരില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍, പ്രതിപക്ഷം സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപോവുന്ന സാഹചര്യവുമുണ്ടായി.