കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെടുക്കാരന്‍ ചികിത്സയിലാണ്. സാംപിള്‍ പൂണെയിലേക്ക് പരിശോധനക്ക് അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇയാള്‍ നിലവില്‍ ഐ സി യുവില്‍ തുടരുകയാണ്. മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാത്ത ആള്‍ക്കാണ് രോഗലക്ഷണം.
അതേസമയം, നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടര്‍ കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സംസ്‌കാരം മലപ്പുറത്ത് വച്ച് നടത്താന്‍ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കടകള്‍ രാവിലെ 10 മണി മുതല്‍ 5മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ.
മരണം ഉച്ചയോടെ….
വെന്റിലേറ്ററിലായിരുന്ന കുട്ടി, ഞായറാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച കുട്ടിക്ക് ജൂലൈയ് 10 നാണ് പനി ബാധിച്ചത്. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ റീജനല്‍ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിലും തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലും സ്രവം പരിശോധിച്ചു.
63 പേര്‍ക്ക് ഹൈ റിസ്‌ക്…
കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. 246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 63 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഇതില്‍ ഒരാള്‍ക്ക് വൈറല്‍ പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലെ രണ്ട് പേര്‍ക്ക് നിലവില്‍ ലക്ഷണമുണ്ട്.
നാല് പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പഞ്ചായത്തുകളില്‍ നിയന്ത്രണം….
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വിവാഹം,പിറന്നാള്‍ തുടങ്ങീ മറ്റ് ചടങ്ങുകളില്‍ 50 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പൊതുനിരത്തുകളില്‍ ഇറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും അനാവശ്യമായ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.