താമരശേരി : മുക്കത്തു വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ. മുക്കം മണാശ്ശേരി സ്വദേശി സജീവ് കുമാറിനെ തിരുവനതപുരം ജില്ലയിലെ കോവളത്തുവച്ചാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മകനോടൊപ്പം താമസിക്കുന്ന വീട്ടമ്മയെ മുൻപരിചയം വെച്ചു വീട്ടിലെത്തിയ പ്രതി കടന്നു പിടിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പരാതി. സംഭവം നടന്നു പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മുതൽ പ്രതി ഒളിവിൽ പോകുകയായിരുന്നു.
കഴിഞ്ഞ മാസം മുപ്പത്തിനാണ് കേസിനാസ്പദമായ സംഭവം . താമരശ്ശേരി ഡിവൈഎസ്പി ടി.കെ.അഷ്‌റഫിന്റെ നിർദേശപ്രകാരം മുക്കം ഇൻസ്‌പെക്ടർ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു .
ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ച ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിൽ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ പഴുതടച്ച നീക്കത്തിലാണ് ഇന്നു പുലർച്ചെ കോവളത്തെ സ്വകാര്യ റിസോർട്ടിൽ വെച്ച് പ്രതിയായ സജീവ്കുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.