ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്ജുന് കപൂറും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി അര്ജുന് കപൂര്‍. മലൈകയെ ചേര്‍ത്ത് നിര്‍ത്തിയുളള ചിത്രവും അടിക്കുറിപ്പും പങ്കുവച്ചു കൊണ്ടാണ് അര്ജുന് കപൂര്‍ ഗോസിപ്പുകള്‍ക്ക് ഫുള്‍സ്റ്റോപ്പ് ഇട്ടത്.
‘ഗോസിപ്പുകള്‍ക്ക് സ്ഥാനമില്ല…സുരക്ഷിതരായിരിക്കൂ, അനുഗ്രഹീതരായിരിക്കൂ, എല്ലാവര്ക്കും നന്മകള് ആശംസിക്കൂ… എന്നായിരുന്നു അര്‍ജുന്റെ സന്ദേശം. പോസ്റ്റിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.
മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ഈ ദിവസങ്ങളിലൊന്നും അര്ജുന് മലൈകയെ സന്ദര്ശിച്ചിരുന്നില്ലെന്നുമുള്ള തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.
36 വയസ്സുകാരനായ അര്ജുന് 48 വയസുകാരിയായ മലൈകയെ പങ്കാളിയായി സ്വീകരിച്ചതിന് പിന്നാലെ പ്രായവ്യത്യാസത്തെ ചൊല്ലിയുള്ള ട്രോളുകള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി നല്കിയതും ഏറെ ചര്‍ച്ചയായിരുന്നു.
നടന് അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്ഹാന് എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസുമായി വേര്‍പിരിയുന്നത്.
പിന്നീട് അര്‍ജുനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇരുവരും ഗോസിപ്പുകളില്‍ ഇടംനേടുന്നത്. പിന്നീട് 2019ല്‍ സമൂഹമാധ്യമം വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും പിന്നാലെ പ്രായവ്യത്യാസം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു.
പ്രണയവും സ്വകാര്യ ജീവിതവും തന്റെ വ്യക്തി സ്വാതന്ത്രമാണെന്നും വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവര്‍ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണെന്നുമാണ് അര്ജുന് പ്രതികരിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു.