കോഴിക്കോട്: ഫറോക്ക് കോളേജ് എഫ്.ഐ എം.എസ്.മാനേജ്മെൻ്റ് സ്റ്റഡീസിലെ എം.ബി.എ വിദ്യാർത്ഥിയെ ബേപ്പൂർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് ഹാജരാക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
2014 സെപ്റ്റംബർ 18ന് ഡൽഹിയിൽ ടൂർ പോയ വിദ്യാർത്ഥി പിന്നീട് വീട്ടിൽ മടങ്ങിയെത്തിയില്ല. കോളേജിലെ ഒരു അധ്യാപകൻ്റെ ശകാരം സഹിക്കാൻ വയ്യാത്തതുകൊണ്ടാണ് മകൻ മരിച്ചതെന്ന് അമ്മ സമർപ്പിച്ച പരാതിയിൽ പറയുന്നു.
ചുങ്കം ഫറോക്ക് വളയംകുന്നത്ത് വീട്ടിൽ സൗദാമിനി ഉണ്ണികൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
ഫറോക്ക് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിൽ പറഞ്ഞു. ജൂലൈ 14 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗ് കേസ് പരിഗണിക്കും.