തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് റെക്കോര്‍ഡ് വിവാഹം. 354 വിവാഹങ്ങള്‍ക്കാണ് ബുക്കിങ്ങുള്ളത്. എണ്ണം 363 വരെ എത്തിയെങ്കിലും 9 വിവാഹ സംഘങ്ങള്‍ എത്തുകയില്ലെന്ന് ദേവസ്വത്തെ അറിയിച്ചു. ഇതോടെ എണ്ണം 354 ആയി. ക്ഷേത്രത്തില്‍ ഇത്രയധികം വിവാഹങ്ങള്‍ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്.
നിലവിലുള്ള 4 കല്യാണ മണ്ഡപങ്ങള്‍ക്കു പുറമേ ക്ഷേത്രത്തിനു മുന്നില്‍ തെക്കും വടക്കുമായി 2 താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി സ്ഥാപിച്ചു. വധൂവരന്മാര്‍ക്കും വിവാഹ സംഘത്തിനും ടോക്കണ്‍ എടുത്തതിനു ശേഷം വിശ്രമിക്കുന്നതിനു മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തിനു സമീപം നിര്‍മിച്ച പന്തലില്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കി. ഇവിടെ നിന്ന് ക്രമം അനുസരിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ കല്യാണ മണ്ഡപത്തില്‍ എത്തിക്കും. പുലര്‍ച്ചെ 4ന് വിവാഹങ്ങള്‍ ആരംഭിച്ചു.
6 മണ്ഡപത്തിലും ചടങ്ങു നടത്താന്‍ ആചാര്യന്മാരും 2 നാഗസ്വര സംഘവും ഉണ്ടാകും. ഒരു വിവാഹ സംഘത്തില്‍ ഫൊട്ടോഗ്രഫര്‍ അടക്കം 24 പേര്‍ക്കാണ് പ്രവേശനം. വാഹനങ്ങള്‍ റോഡ് വക്കില്‍ പാര്‍ക്ക് ചെയ്യരുത്. ഇന്നര്‍, ഔട്ടര്‍ റിങ് റോഡുകളില്‍ വണ്‍വേ ആയിരിക്കും.